Skip to main content

കവർച്ച

 

വെറോനിക്ക



ഒരു വെളുത്ത, സുഗന്ധം പരത്തുന്ന
പനിനീർപ്പൂപോലെയാണവൾ.
കാഴ്ചയുള്ളവരുടെയൊക്കെയും നോട്ടങ്ങൾ,
വലിച്ചടുപ്പിക്കുന്ന  ലാവണ്യമുള്ളവൾ.
വജ്രത്തിളക്കമുള്ളക്ഷികളുള്ളവൾ*
ചന്ദ്രബിംബത്തിന്റെ ചേലുള്ളവൾ.

എത്രനാളായിതൻ ഹൃദയാന്തരത്തിലൊരു
മുഖമവൾ പൂജിച്ചു വെച്ചിരുന്നു.
ആരാണവൻ, സർവ്വനഗരവും പാടുന്നു,
വരുവാനിരുന്നവൻ തന്നെയാവാം.
ആരായിരുന്നാലും ആ വചനങ്ങൾക്ക്,
ജീവിതം തന്നെയവൾക്കപ്പണം.
മലമുകളിലും, ജനമദ്ധ്യത്തിലും അവൻ,
പറയുന്നതൊക്കെയും കേൾക്കുവാനായ്,
ഭക്തികൊണ്ടുള്ളിലണയാത്ത തീനാളവും
പേറിയവളോടിയെത്തീടുമെന്നും.

അവന്റെ പാദങ്ങളിൽ, ലേപനം ചാർത്തി-
ത്തുടയ്ക്കുവാനായ് നെയ്ത തൂവാലയും,
കൈയിൽ പിടിച്ചുകൊണ്ടുള്ളിൽ കരഞ്ഞവൾ,
ജറുസലേം വീഥികളിലൂടെ നീങ്ങി.
കല്ലെറിയാനും, വലിച്ചുവീഴ്ത്താനുമായ്
കൂടിയ ദുഷ്ടജനങ്ങൾക്കിടയിൽ,
ആകെ വിറയ്‌ക്കേണ്ടതാണവൾ എങ്കിലും,
വജ്രം കണക്കെയാണെന്നുമവൾ.

ചാട്ടവാറും വാളുമേന്തിനിന്നാലുമാ
പടയാളികൾക്കിടയിലൂടെയവൾ,
ലോകരെന്നെ കുറ്റവാളിയെന്നോതും,
പാപിയെന്നെന്നെ വിളിക്കുമെന്നാലും,
തൻ പ്രിയ നാഥന്റെ പക്കലേക്കെത്തിയാ
നയനങ്ങളിൽത്തന്നെ നോക്കിനിന്നു.

തൂവാലകൊണ്ടാമുഖത്തൊമ്മർത്തി
യെന്നാലും അവൻ മൗനമായി നിന്നു.
പ്രിയസോദരീ നിന്റെ ഹൃദയം മുറിക്കുന്ന
നൊമ്പരത്തിൻ മൂർച്ചയെത്രയാവാം.
വലിച്ചിഴച്ചവനെയാ കുന്നിലേക്കായവർ
കൊണ്ടുപോകുന്നതുകണ്ടുനിൽക്കേ,
തൂവാലനെഞ്ചോടു ചേർത്തുവച്ചവളാകെ
ഉള്ളുപിടഞ്ഞു കരഞ്ഞുനിന്നു.

ഒരു വെളുത്ത, സുഗന്ധം പരത്തുന്ന
പനിനീർപ്പൂപോലെയാണവൾ.
അഴകിലെപ്പോഴും പുഞ്ചിരിക്കുന്നവൾ,
ജറുസലേമിന്റെ അരുമസുതയവൾ..



(ബൈബിളിനെ ആസ്പദമാക്കി രചിക്കപ്പെട്ടത് )

*അക്ഷി : കണ്ണുകൾ 


Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...