സ്വപ്നങ്ങളുടെ ശവകുടീരത്തിൽ
കരഞ്ഞുതീർത്ത ഇന്നലെകളെക്കൂടി
അടക്കം ചെയ്തു.
മടക്കയാത്രകളില്ലെന്നറിയാമെങ്കിൽക്കൂടി,
വിടവാങ്ങലിന്റെ വിറയ്ക്കുന്ന കൈകൾ
എനിക്കുനേരെ നീട്ടുവാനെങ്കിലും,
ഒരിക്കൽക്കൂടി നീ എത്തിയിരുന്നെങ്കിൽ....
ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്...
ഏറ്റവും അഗാധമായ മൗനങ്ങൾക്കടിയിൽ വെളിച്ചം കാണാതെ കിടക്കുന്ന ചിരികളുണ്ട്. ലോകം വച്ചുനീട്ടുന്ന വ്യാജച്ചിരികൾക്ക് മറുപടിയാക്കാതെ ഞാനൊളിപ്പിച്ചുവച്ച ചിരികൾ. നീയത് എത്രവേഗമാണ് തിരിച്ചറിഞ്ഞത്. ഒളിച്ചുവച്ച എന്റെയാ ചിരികളെ എത്ര മനോഹരമായാണ് നീ മോഷ്ടിച്ചത്.