Skip to main content

കവർച്ച

 

ലങ്കാധിപൻ.....



കൊടുങ്കാറ്റ് പോലെയാണ് അഗ്നി പടർന്നുകൊണ്ടിരുന്നത്. ലങ്ക എരിയുകയാണ്. അസുരജനതയുടെ നിലവിളികൾക്കിടയിൽ.
ജനങ്ങളെ സംരക്ഷിക്കാൻ നിർദ്ദേശംകൊടുത്ത് സൈന്യത്തെ അയച്ച ശേഷം ദശകണ്ഠൻ തന്റെ സിംഹാസനത്തിൽ ആലോചനാനിമഗ്നനായി ഇരുന്നു.. ആ വാനരൻ.... നമ്മോടുള്ള ശത്രുതയ്ക്ക്, ഈ സാധുജനം എന്ത് പിഴച്ചു...

വിഭീഷണന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ രാവണൻ, മുഖമുയർത്തി പിന്നോട്ടമർന്നിരുന്നു..  "എന്താണ് വിഭീഷണാ... "

"അങ്ങെന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടോ? എത്രയോ വട്ടം ഞാൻ പറഞ്ഞു... അവൾ മറ്റൊരാളുടെ പത്നിയാണ്.. "....

"വിഭീഷണാ..... "
രാവണൻ ചാടിയെഴുന്നേറ്റു...  വിഭീഷണൻ പിന്നോട്ട്മാറി.

"സമസ്തലോകത്തിലെയും..  അപ്സരസ്ത്രീയോ, മനുഷ്യസ്‌ത്രീയോ ആവട്ടെ... രാവണന്റെ യശസ്സിനും കരുത്തിനും  അനുസരിച്ച് അളന്നുനോക്കിയിട്ടേയുള്ളൂ ഇതുവരെ. എന്നാൽ ജാനകി... ജന്മാന്തരങ്ങൾക്കൊണ്ടുള്ള അടുപ്പമാണ് എനിക്കവളോട്...  എന്റെ സഹോദരിയോട്‌ അതിക്രമം കാട്ടിയത്പോലെ,അവന്റെ ഭാര്യയോട് എനിക്ക് കാട്ടാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാൻ പോയതാണ് നാം... എന്നാൽ.. രാവണൻ ഇതുവരെ നേടിയിട്ടുള്ളതിനെയെല്ലാം,അവളുടെ ലാവണ്യം നിഷ്പ്രഭമാക്കിക്കളഞ്ഞു....  അവളെ നേടുവാൻ.. ആ രാമവധമാണ് മാർഗ്ഗമെങ്കിൽ അങ്ങനെ... ''

"ലങ്ക എരിയുകയാണ്.....അങ്ങ് ഒന്നും അറിയാത്തവനെപ്പോലെ, സംസാരിക്കുന്നതിൽ എനിക്ക് സഹതാപം തോന്നുന്നു.... എല്ലാം നാരദമഹർഷി അങ്ങയോട് പറഞ്ഞതല്ലേ.... രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്...  അങ്ങയുടെ ജീവഹാനി മാത്രമാണ് അയാളുടെ ലക്ഷ്യം... "

ഒരു പൊട്ടിച്ചിരിയോടെ രാവണൻ വീണ്ടും സിംഹാസനത്തിൽ അമർന്നു.....

"രാവണൻ യശസ്സ്, ജനനം കൊണ്ടല്ല ജീവിതംകൊണ്ട് നേടിയവനാണ് വിഭീഷണാ.... എന്റെ ഘോരതപസ്സുകൾകൊണ്ട്...രാവണന് ചതി അറിയില്ല. ഒളിയമ്പ്കൊണ്ട് കിഷ്കിന്ധാരാജൻ ബാലിയെ വധിച്ചതുപോലെ, നമ്മോട് രാമന് ചെയ്യാനുമാവില്ല.. നേർക്കുനേരെ നേരുള്ള യുദ്ധം...........
എന്നെ വധിക്കാൻവേണ്ടി മാത്രം  അവതാരമെടുത്തെങ്കിൽ  അത് വിഷ്ണുവിന്റെ തെറ്റ്... സീതയെ നാം വിട്ടയയ്ക്കില്ല.... അവൾ മനസ്സാവുന്നിടത്തോളം കാലം... നമ്മുടെ രാജധാനിയിൽ അവൾ സുരക്ഷിതയായി കഴിയും... "

തീരുമാനം എത്രയോ കഠിനമായിരുന്നു....
യുദ്ധഭൂമിയിൽ... നാഭിയിൽ തറച്ച രാമബാണം വലിച്ചൂരി രഥത്തിൽ തളർന്നിരുന്നപ്പോൾ
ആദ്യം ഉള്ളിൽ വന്ന മുഖം.....
വേദവതിയുടേതായിരുന്നു....
ഘോര ആക്രോശങ്ങൾ ചുറ്റും കേൾക്കുന്നെങ്കിലും... ആദ്യം കാതിലെത്തിയത്  അവളുടെ ശാപവാക്കുകളായിരുന്നു...

"എന്നിൽ നിനക്ക് പിറക്കുന്നവൾ, നിന്റെ മരണത്തിനു കാരണമാവും രാവണാ.... "

വില്ല് നിലത്തുവച്ച് വിഷ്ണുവിന്റെ അവതാരരൂപത്തെ നിറകണ്ണുകളോടെ ഒന്ന് നോക്കിയശേഷം പിന്നോട്ട് തിരിഞ്ഞു ......കാണാനാവുമോ?..  രാജസവിധത്തിനപ്പുറത്തു നിൽക്കുന്ന ജാനകിയെ...ഒരു തിരിച്ചറിവിന്റെ വെളിച്ചം വേദനയായ നിമിഷം....
ഉറക്കെ വിളിക്കണമെന്നുണ്ടായിരുന്നു....  മകളേ എന്ന്....
എന്നാൽ ശിരസ്സിനു നേരേ പാഞ്ഞടുത്ത ബ്രഹ്മാസ്ത്രത്തിനു നേരേ മോക്ഷത്തിനായി ദശകണ്ഠൻ കണ്ണുകളടച്ചുനിന്നു......
"മഹാദേവാ......... "

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...