" മാനസി ... ഞാന്‍ നിന്നെ സ്പര്‍ശിച്ചോട്ടെ ?” അവള്‍ മധുരമായൊന്ന് മൂളി . അവന്‍ അവളോടടുത്തുനിന്നു . അവളുടെ മൃദുലമായ കവിള്‍ത്തടത്തിലൂടെ കൈവിരലുകളോടിച്ചു . അധരങ്ങളുടെ അഗ്രത്തില്‍ കൈകള്‍വച്ചു . അവള്‍ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു . എന്നാല്‍ അവന്‍ അത് കാണുന്നുണ്ടായിരുന്നില്ല . " ഞാന്‍ സുന്ദരിയാണോ ?” " തീര്‍ച്ചയായും മാനസി . നീ അതി സുന്ദരിതന്നെയാണ് .” " പക്ഷേ , അങ്ങേയ്ക്ക് കാഴ്ചയില്ലല്ലോ .” അവന്‍ പുഞ്ചിരിച്ചുകൊണ്ട് , തിരികെ തന്റെ ക്യാന്‍വാസിന്റെ മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു : " ആരുപറഞ്ഞു എനിക്ക് കാഴ്ചയില്ലെന്ന് .” മേശമേലിരുന്ന ബ്രഷുകളില്‍ സ്പര്‍ശിച്ച് അളവുനോക്കി അവന്‍ കൃത്യമായതെടുത്തു . തനിക്കുമുമ്പിലെ ക്യാന്‍വാസിനെയും തലോടിക്കൊണ്ടിരുന്നു . അവള്‍ ചുമരുകളിലേക്ക് നോക്കി . അവന്‍ സ്പര്‍ശിക്കുന്നതൊക്കെയും അവന്‍ കാണുന്നുണ്ട് . നിറങ്ങളെ അറിയുന്നിലെങ്കിലും , അവന്റെ ചായക്കൂട്ടുകള്‍ ആ ചിത്രങ്ങളില്‍ അഗാധമായ ഒരു ആസക്തി തിരുകിവയ്ക്കുന്നുണ്ട് . ഇരുണ്ട പനിനീര്‍പ്പൂക്കള്‍ , ചുവന്ന മഴ , കറുത്ത ഇലകള്‍ , പകലും രാവുമെല്ലാം ഒരുപോലെതന്നെ . " മാന...