Skip to main content

കവർച്ച

 

ചായം

 4,761 Asian Woman Painting Illustrations & Clip Art - iStock

"മാനസി... ഞാന്‍ നിന്നെ സ്പര്‍ശിച്ചോട്ടെ ?”

അവള്‍ മധുരമായൊന്ന് മൂളി. അവന്‍ അവളോടടുത്തുനിന്നു.

അവളുടെ മൃദുലമായ കവിള്‍ത്തടത്തിലൂടെ കൈവിരലുകളോടിച്ചു.
അധരങ്ങളുടെ അഗ്രത്തില്‍ കൈകള്‍വച്ചു
. അവള്‍ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.
എന്നാല്‍ അവന്‍ അത് കാണുന്നുണ്ടായിരുന്നില്ല
.

"ഞാന്‍ സുന്ദരിയാണോ ?”

"തീര്‍ച്ചയായും മാനസി. നീ അതി സുന്ദരിതന്നെയാണ്.”

"പക്ഷേ, അങ്ങേയ്ക്ക് കാഴ്ചയില്ലല്ലോ.”

അവന്‍ പുഞ്ചിരിച്ചുകൊണ്ട് , തിരികെ തന്റെ ക്യാന്‍വാസിന്റെ മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു :

"ആരുപറഞ്ഞു എനിക്ക് കാഴ്ചയില്ലെന്ന്.”

മേശമേലിരുന്ന ബ്രഷുകളില്‍ സ്പര്‍ശിച്ച് അളവുനോക്കി അവന്‍ കൃത്യമായതെടുത്തു.
തനിക്കുമുമ്പിലെ ക്യാന്‍വാസിനെയും തലോടിക്കൊണ്ടിരുന്നു
.

അവള്‍ ചുമരുകളിലേക്ക് നോക്കി.
അവന്‍ സ്പര്‍ശിക്കുന്നതൊക്കെയും അവന്‍ കാണുന്നുണ്ട്
.
നിറങ്ങളെ അറിയുന്നിലെങ്കിലും
, അവന്റെ ചായക്കൂട്ടുകള്‍ ആ ചിത്രങ്ങളില്‍ അഗാധമായ ഒരു ആസക്തി തിരുകിവയ്ക്കുന്നുണ്ട്.
ഇരുണ്ട പനിനീര്‍പ്പൂക്കള്‍
,
ചുവന്ന മഴ
,
കറുത്ത ഇലകള്‍
,
പകലും രാവുമെല്ലാം ഒരുപോലെതന്നെ
.

"മാനസീ..”

അവന്‍ വീണ്ടും മുന്നില്‍വന്നു നില്‍ക്കുന്നു. അവള്‍ അവന്റെ ചേതസ്സറ്റ നീലക്കണ്ണുകളിലേക്ക് നോക്കി.

"ഏത് നിറംകൊണ്ടാണ് അങ്ങെന്നെ വരയ്ക്കുക ?”

"ചുവപ്പ്.”

അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു :

"ചുവപ്പോ ?”

പുഞ്ചിരിയോടെ അതിനെന്താ എന്നൊരു മറുചോദ്യമായിരുന്നു അവന്.
അവള്‍ അവന്റെ കൈകളിലിരുന്ന ബ്രഷിലെ കറുത്തചായംനോക്കി വീണ്ടും ചിരിച്ചു.

"ശരി. ചുവപ്പെങ്കില്‍ ചുവപ്പ്.” അവള്‍ മെയ്യനങ്ങാതെ നിന്നു.

"ഞാന്‍ നിന്നെ.....സ്പര്‍ശിച്ചോട്ടെ. ?”

അവള്‍ വീണ്ടും മൂളി.
ആ ചോദ്യം ഓരോതവണയും അവളുടെ ഹൃദയത്തില്‍ ഒരു നനുത്ത മഞ്ഞുകണംപോലെ വന്നുവീഴുന്നുണ്ടായിരുന്നു.
ഈ മുറിക്കുപുറത്ത്, നിറങ്ങളുടെയും, തട്ടിമറിച്ചിട്ട എണ്ണപ്പാത്രത്തിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്ന ചുമരുകള്‍ക്കപ്പുറത്ത്, നഗരത്തിന്റെ ഇടവഴികളിലും, ഇരുട്ടിന്റെ കാണാക്കോണുകളിലും ഒരു ചോദ്യവും കൂടാതെ ചീന്തിയെറിയാന്‍ മനുഷ്യമൃഗങ്ങളുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണെന്ന് അവള്‍ക്ക് തോന്നി.

എങ്കിലും, അവന്റെ ശബ്ദത്തിന് പ്രണയത്തിന്റെ മധുരമാണ്.
ഒരുപക്ഷേ
, അവന്‍ അന്ധനല്ലെങ്കിലോ ?

അവന്റെ ചായംപുരണ്ട കൈകള്‍, കഴുത്തിനെ തലോടി നെഞ്ചിലേക്കിറങ്ങി.
അവളുടെ ഹൃദയതാളത്തിലേക്ക് അവന്‍ കാതുകൂര്‍പ്പിച്ചു.
ഒരു മഴയില്‍ നനയുന്നതുപോലെ അവള്‍ക്ക് തോന്നി.
അവളുടെ മേനിയഴകിന്റെ വിസ്മയങ്ങളൊക്കെയും വിരല്‍ത്തുമ്പിലേക്ക് അവന്‍ ഒപ്പിയെടുത്തു.
അവളുടെ ചിരിയെ, കവിളിലെ കൊച്ചുമറുകിനെ, കറുത്ത നീണ്ട ചുരുള്‍മുടിയെ, മൃദുലമായ കഴുത്തിനെ, മനോഹരങ്ങളായ സ്തനങ്ങളെ....

അവന്‍ തിരികെ നടന്നു.
തന്റെ ക്യാന്‍വാസിലേക്ക്.
ഉള്‍ക്കണ്ണുകൊണ്ട് കൂട്ടിയ ചായത്തിലേക്ക് എണ്ണയൊഴിച്ച് അവന്‍ മൗനമായി വരച്ചുകൊണ്ടിരുന്നു. ഇരുട്ടാകുവോളം, അവളത് നോക്കിയിരുന്നു.

അവന്റെയുള്ളിലെ ശാന്തത അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ആരിലും ഇന്നേവരെ കണ്ടിട്ടില്ലാത്ത വശ്യമായ ഒരു മൗനം.
അവന്റെ നിശ്വാസത്തില്‍നിന്നും ചിത്രം പൂര്‍ത്തിയാവാറായെന്ന് അവള്‍ക്ക് തോന്നി.
അവന്റെ ഉള്‍ക്കാഴ്ചയിലെ തന്റെ രൂപം കാണുവാനുള്ള അതിയായ മോഹത്തോടെ അവള്‍ ക്യാന്‍വാസിലേക്ക് നോക്കി.
കറുപ്പും ചുവപ്പുംകൊണ്ടെങ്കിലും, ചിത്രത്തിന് ഒരു ദേവതയുടെ അഴകുതോന്നി.

"ഇഷ്ടപ്പെട്ടില്ലേ ?”

അവള്‍ ഒരു നിശ്വാസത്തോടെ പറഞ്ഞു :

"ഞാന്‍ ഇത്ര സുന്ദരിയൊന്നുമല്ല. എന്റെ മുടിയിത്രയും അഴകിലല്ല..”

"എന്ന് ആരുപറഞ്ഞു. ... ? സുന്ദരിതന്നെയാണ്.”

അങ്ങേയ്ക്ക് കാഴ്ചയില്ലല്ലോ എന്നവള്‍ ചോദിച്ചില്ല.അവന്‍ മൗനത്തിന്റെ ചായങ്ങള്‍ അപ്പൊഴേയ്ക്കും അവളിലേക്ക് പകര്‍ന്നിരുന്നു.അവള്‍ ചിത്രത്തിലേക്ക് ശമിക്കാത്ത അതിശയത്തോടെ വീണ്ടും നോക്കി.

"എന്റെ കണ്ണുകളെന്താണ് ഇരുണ്ടിരിക്കുന്നത്. ? താഴ്ന്നിരിക്കുന്നത് ?”

അവന്‍ കൈയ്യിലിരുന്ന ബ്രഷും ചായവും മേശപ്പുറത്ത് തിരികെവച്ചു.

ചായം പടര്‍ന്ന കൈവിരലുകളാല്‍ വീണ്ടും അവളുടെ കണ്ണുകളെയും കവിള്‍ത്തടങ്ങളെയും സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു :

"അറിഞ്ഞുകൂടാ... നിന്റെ കണ്ണുകളില്‍ തളര്‍ച്ചയുണ്ട്, നിന്റെ നിശ്വാസത്തില്‍ ഇരുട്ടുണ്ട്... നിന്റെ ചിരി എന്തോ മറയ്ക്കുന്നുണ്ട്.”

ചുമരുകള്‍ക്കിടയില്‍ തിങ്ങിനിറ‍‍ഞ്ഞ മൗനത്തില്‍,
വേഗത്തിലാവുന്ന ഹൃദയമിടിപ്പുകള്‍ ഉള്ളില്‍ അറിഞ്ഞുകൊണ്ടിരിക്കെ,
സ്വയം അവള്‍ ചോദിച്ചു :

"ആരിലാണ് അന്ധത ?”

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...