Skip to main content

Posts

Showing posts from December, 2021

കവർച്ച

 

കവർച്ച

 

ഇന്ന്......!

എന്തോ എഴുതണം എന്ന് കരുതി. കഴിയുന്നില്ല... അരണ്ട വെളിച്ചത്തോടുള്ള മമത കാരണം, മുറിയിലെ പഴയ, മഞ്ഞച്ചു മഞ്ഞച്ചു ചുവപ്പോളമായ ബൾബ് മാറ്റിയിട്ടില്ല ഞാൻ. ഇന്ന് മാത്രം അതിന്റെ വെളിച്ചം കണ്ണിൽ തുളഞ്ഞു കയറുന്നത് പോലെ .. എങ്കിലും എഴുതണം... കറുത്ത മഷികുടയുന്ന പേനയോടുമുണ്ട്, അത്തരത്തിൽ ഒരിഷ്ടക്കൂടുതൽ..എന്നാൽ... ഇന്ന്... എന്തോ... പേന മുറിയിലെ അലക്ഷ്യമായി കിടക്കുന്ന കടലാസ്സുകൂമ്പാരത്തിൽ..എവിടെയോ ഒളിച്ചു. എങ്കിലും എഴുതണം.. കീറിയും ചുരുട്ടിയും വലിച്ചെറിഞ്ഞ കടലാസുകഷണങ്ങളുടെ മുറിവിൽനിന്നും രക്‌തമൊഴുകുന്നുണ്ടോ?... അതോ പാതി ജീവനെത്തിയപ്പോഴേക്കും, ചീന്തി എറിഞ്ഞ കവിതകൾ രക്തം വിയർക്കുന്നതാവുമോ .?. എന്റെ കൈവിരലുകളിൽ നിന്ന് ശക്തി ചോർന്നൊലിക്കുന്നു.. കണ്ണുകളിൽ തളർച്ച പടർന്നുകയറുന്നു... ഇന്ന്... ഇനി എഴുതാൻ വയ്യ...

ന്യായവിധി.

ഇന്നലെകൾ, എന്നെ ന്യായം വിധിക്കുന്നു. ഒരു വേട്ട നായുടെ  ശൗര്യത്തോടെ, അതെന്നെ കടിച്ചുമുറിക്കുന്നു. എന്റെ നിഴൽ, ഒറ്റുകാരന്റെ ചുംബനം എനിക്കുനൽകുന്നു. പശ്ചാത്താപത്തിന്റെ കാരമുൾക്കിരീടം ഞാൻ സ്വയമെടുത്തണിയുന്നു.. എന്നെ പുതഞ്ഞ മണ്ണിലൂടെ... ചുരുണ്ടുപിണഞ്ഞ വേരുകളിലൂടെ.. എന്റെ രക്തം കുടിക്കുന്ന മഹാ വൃക്ഷങ്ങളേ, തണുത്ത മാംസത്തെ ആർത്തിയോടെ ആക്രമിക്കുന്ന ക്ഷുദ്രകീടങ്ങളേ... എന്റെ ദേഹവും എടുത്തുകൊൾക. ഓർമ്മകളെ മാത്രം അടക്കം കൊള്ളുന്ന ദേഹിയെ മാത്രം വിട്ടുതരിക....

കാരണം...

ഒരുപിടി മണ്ണിന്റെ സ്നേഹവും...  ഒരു പനിനീർപ്പൂവിന്റെ നോവും...  ഒടുവിലീ നെഞ്ചിലായ് നല്കുമെങ്കിൽ,  ഒരു ജന്മമോളം ഒരാളെയും സ്നേഹിക്കാൻ,  ഒരു കാരണം വേറെയും വേണ്ട നമ്മിൽ...

ചിരിയുടെ രഹസ്യം

  നൊന്ത് നൊന്ത് നോവറിയാത്ത നിമിഷമെത്തും... അവിടെയും ചിരിയെ മരിക്കാൻ അനുവദിക്കരുത്. കണ്ണിൽ ഇല്ലാത്ത ചിരിയെ ചുണ്ടിൽ തറച്ചുവെച്ച്, പിന്നെയുള്ളത് നടനമാണ്... ആർക്കും തിരിച്ചറിയാനാവാത്ത, ചിരിയുടെ രഹസ്യമാണത്.

ദുസ്സ്വപ്നത്തിന്റെ വരികൾ

  നിദ്രയിൽനിന്ന് പുറത്തുകടക്കാൻ കഴിയാത്ത രാത്രികളിൽ..... ഒരു മൂളിപ്പാട്ടുപോലെ, വിദൂരത്തുനിന്നെത്തുന്ന ദുസ്സ്വപ്നങ്ങളുടെ ഇഴവള്ളികൾ, വളർന്ന്,  എന്നെ  വരിഞ്ഞുമുറുക്കും...  ഉണരാൻ ശ്രമിക്കുമ്പോൾ.. ഇരുട്ടിനു കണ്ണുകളുണ്ടാവും.... നിഴലുകൾ സർപ്പങ്ങളാവും, കൂമനും കഴുകനും, നരിയും നരിച്ചീറുമാവും... കാറ്റ് തീഗോളമാവും... പിന്നെ ആ വള്ളികളിൽ ചോരപ്പൂവുകൾ വിടരും. എന്റെ ചലനങ്ങളെ അവ ബന്ധിയാക്കും. വിലാപങ്ങളെ തടഞ്ഞുവെക്കും....  എന്നെ - ഇരുട്ടിന്റെ അഗാധ ഗർത്തത്തിലേക്ക് വലിച്ചിടും. എല്ലാത്തിൽനിന്നും ശാന്തതയിലേക്ക് കണ്ണുതുറക്കുമ്പോൾ , നിദ്ര ആ ഗർത്തത്തിൽ  വീണുപോയിട്ടുണ്ടാവും.. അതേ  ദുസ്സ്വപ്നത്തെ കവിതയാക്കാൻ, വീണ്ടും ഒരു രാത്രി ഞാൻ ഉറങ്ങാതിരിക്കും...