Skip to main content

Posts

Showing posts from 2020

കവർച്ച

 

ഓണ്‍ലൈന്‍ ?.....

എ ല്ലാം ഓണ്‍ലൈനായ ലോക്ഡൗണ്‍ കാലത്ത്, ചോര്‍ന്നൊലിക്കുന്ന ഒരു മേല്‍ക്കൂരയ്ക്ക് താഴെ ഏതോ ജനപ്രമുഖര്‍ ഒരു ടിവി കൊണ്ടുവച്ചു. വലിയ വാര്‍ത്തയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും അവര്‍ നിറഞ്ഞുനിന്നു.  "കുട്ടികള്‍ പഠിക്കട്ടെ, അവരല്ലേ നടിന്റെ ഭാവി" ആ ബാലന്‍റെ തലയില്‍ കൈവച്ച് പറഞ്ഞ, കൂട്ടത്തിലെ തലനരച്ച നേതാവിന്റെ വാക്കുകള്‍ക്ക് കൂട്ട കരഘോഷം.  ഇത് ഞങ്ങളുടെ കടമയല്ലേ എന്നൊരു ചോദ്യവും അവസാനം. കടമ തീര്‍ക്കാന്‍ വന്നതാണത്രേ...  നനയാതിരിക്കാന്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വച്ച പുസ്തകത്തിലൊന്നെടുത്ത് പുത്തന്‍ ടിവിയുടെ മുമ്പിലിരുന്നപ്പോഴും അവന്റെ തലയില്‍ക്കയറിയതൊക്കെ സ്കൂളിലെ ഉച്ചക്കഞ്ഞിയുടെ സ്വാദും നാരങ്ങാച്ചാറിന്‍റെ എരിവുമൊക്കെയായിരുന്നു.

ഗുരുവേ നമ:

അറിവിന്നതിരുകള്‍ ഇല്ലെന്ന് ചൊന്നവര്‍, അക്ഷരങ്ങള്‍ത്തന്‍റെ അമൃതെന്നെയൂട്ടിയോര്‍. ജീവിതവിദ്യാലയത്തിന്‍റെ പടവുകളി- ലൊപ്പമെന്‍ കൈപിടിക്കാനായി നിന്നവര്‍. സര്‍വ്വവും ഒരുചേതസ്സാണെന്ന് ചൊന്നവര്‍, എല്ലാരുമൊന്നാണെന്നുരുവിട്ടുതന്നവര്‍. സത്യത്തിനന്ത്യമില്ലെന്നുപറഞ്ഞവര്‍, സ്നേഹമാണേറ്റവും ശ്രേഷ്ഠമെന്നോതിയോര്‍. പാരിലജ്ഞതയാകും അന്ധകാരത്തെയകറ്റി -യെന്‍ ബോധത്തില്‍ വെളിച്ചമാകുന്നവര്‍. ഗുരുതന്നെയത്രേ പരബ്രഹ്മമുലകില്‍ ജന്മം മുഴുക്കെ നമിച്ചിടുന്നേന്‍..

തപസ്സ്

  ചിന്തകളുടെയും ആകുലതകളുടെയും കൊടുംവനമധ്യത്തില്‍, ദുര്‍ബലനായ ഇരയെ വിഴുങ്ങാന്‍ പാര്‍ത്തിരിക്കുന്ന മനുഷ്യമൃഗങ്ങള്‍ക്കിടയില്‍, അന്ത്യമറിയാത്ത തപസ്സിനായ് അവനൊരുങ്ങി. ഓര്‍ക്കുന്തോറും ആഴമേറുന്ന മുറിവുകളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനൊരു വരത്തിനായി.

ചിലപുഞ്ചിരികള്‍

  ചിലപുഞ്ചിരികള്‍ ചെന്നുവീഴുന്നത് മനസ്സിന്‍റെ ഇരുട്ടറയില്‍ പൂട്ടിയിട്ട ഓര്‍മ്മകളിലേക്കാവും. അവിടെനിന്നും പുറത്തുകടക്കാന്‍ ആ ഓര്‍മ്മകളപ്പോള്‍ തീവ്രമായ് നിലവിളിക്കും. തിരിഞ്ഞുനോക്കാതെ, ക്രൂരമായ ഒരു മറുപുഞ്ചിരിയോടെ അവയെ ഞാന്‍ അവഗണിക്കും...

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...  

ആ രാത്രിയും

  ചിതലരിച്ച ഡയറിക്കുറിപ്പുകള്‍, പൊടിപിടിച്ച ചിത്രങ്ങള്‍, മാറാലകെട്ടിയ ചുമര്‍ക്കോണുകള്‍, തുരുമ്പിച്ച ജനല്‍പ്പാളികള്‍. പൊട്ടിയ ജനാലച്ചില്ലിലൂടെയെത്തിയ രാപ്പക്ഷിയുടെ ശബ്ദത്തില്‍ ഒരുനിമിഷം ഏകാന്തതയില്‍നിന്നുണര്‍ന്നു.. മഷിവറ്റാറായ പേനകൊണ്ട്, ചുക്കിച്ചുളിഞ്ഞ് വിറയ്ക്കുന്നകൈകള്‍കൊണ്ട്, അവസാനവരിയും പൂര്‍ത്തിയാക്കി. കവിതയും നെഞ്ചോട് ചേര്‍ത്ത് ആ രാത്രിയും അയാളുറങ്ങി.

നീ പോയ്കഴിഞ്ഞുള്ള രാത്രി

നീ പോയ്ക്കഴിഞ്ഞുള്ള രാത്രിമുതല്‍ എന്‍റെ നീറും മനസ്സിന്‍റെയുള്‍ത്തടത്തില്‍ പെയ്ത നോവിന്‍റെ മാരിയിന്നോളവും ഓമലേ തോരാതെയിറ്റുവീഴുന്നുവെന്നും .. നീയെന്‍റെ മാറില്‍ മയങ്ങാത്തരാവുതൊ - ട്ടിന്നോളവും ഞാനേകനായി . നിന്‍റെ നിശ്വാസം പതിക്കാത്തചുണ്ടുകള്‍ ദാഹാര്‍ദ്രമായ് വരണ്ടുണങ്ങി . നീ പോയ്ക്കഴിഞ്ഞുള്ള രാത്രിമുതല്‍ ഞാനുണരുന്നതേതോ ശൂന്യതയില്‍ മിടിപ്പുകളില്‍ നോവതേല്‍ക്കുന്ന നെഞ്ചില്‍ പടര്‍ന്ന വ്യഥകള്‍ത്തന്‍ തണുപ്പില്‍ നീയെന്‍റെ മടിയില്‍ തലചായ്ച്ചിടാതുള്ള രാവുതൊട്ടിന്നോളമെന്‍ ജീവനേ , നിന്നോടുകൂടെ പടിയിറങ്ങിപ്പോയ ഹേമന്തമിനിയും വരില്ലയത്രേ . നീ പോയ്കഴിഞ്ഞുള്ള രാത്രിമുതല്‍ എന്‍റെ നോവില്‍ മയങ്ങുന്ന സ്വപ്നങ്ങില്‍ ഓര്‍മ്മതല്‍ ബാല്യത്തിലെന്‍ കൈവിരല്‍കോര്‍ത്ത് നീ പുഞ്ചിരിക്കുന്നു വീണ്ടും സഖീ ... നീ പോയ്ക്കഴിഞ്ഞുള്ള രാത്രിമുതല്‍ എന്‍റെ നീറും മനസ്സിന്‍റെയുള്‍ത്തടത്തില്‍ പെയ്ത നോവിന്‍റെ മാരിയിന്നോളവും ഓമലേ തോരാതെയിറ്റുവീഴുന്നുവെന്നും ..