Skip to main content

Posts

Showing posts from 2021

കവർച്ച

 

കവർച്ച

 

ഇന്ന്......!

എന്തോ എഴുതണം എന്ന് കരുതി. കഴിയുന്നില്ല... അരണ്ട വെളിച്ചത്തോടുള്ള മമത കാരണം, മുറിയിലെ പഴയ, മഞ്ഞച്ചു മഞ്ഞച്ചു ചുവപ്പോളമായ ബൾബ് മാറ്റിയിട്ടില്ല ഞാൻ. ഇന്ന് മാത്രം അതിന്റെ വെളിച്ചം കണ്ണിൽ തുളഞ്ഞു കയറുന്നത് പോലെ .. എങ്കിലും എഴുതണം... കറുത്ത മഷികുടയുന്ന പേനയോടുമുണ്ട്, അത്തരത്തിൽ ഒരിഷ്ടക്കൂടുതൽ..എന്നാൽ... ഇന്ന്... എന്തോ... പേന മുറിയിലെ അലക്ഷ്യമായി കിടക്കുന്ന കടലാസ്സുകൂമ്പാരത്തിൽ..എവിടെയോ ഒളിച്ചു. എങ്കിലും എഴുതണം.. കീറിയും ചുരുട്ടിയും വലിച്ചെറിഞ്ഞ കടലാസുകഷണങ്ങളുടെ മുറിവിൽനിന്നും രക്‌തമൊഴുകുന്നുണ്ടോ?... അതോ പാതി ജീവനെത്തിയപ്പോഴേക്കും, ചീന്തി എറിഞ്ഞ കവിതകൾ രക്തം വിയർക്കുന്നതാവുമോ .?. എന്റെ കൈവിരലുകളിൽ നിന്ന് ശക്തി ചോർന്നൊലിക്കുന്നു.. കണ്ണുകളിൽ തളർച്ച പടർന്നുകയറുന്നു... ഇന്ന്... ഇനി എഴുതാൻ വയ്യ...

ന്യായവിധി.

ഇന്നലെകൾ, എന്നെ ന്യായം വിധിക്കുന്നു. ഒരു വേട്ട നായുടെ  ശൗര്യത്തോടെ, അതെന്നെ കടിച്ചുമുറിക്കുന്നു. എന്റെ നിഴൽ, ഒറ്റുകാരന്റെ ചുംബനം എനിക്കുനൽകുന്നു. പശ്ചാത്താപത്തിന്റെ കാരമുൾക്കിരീടം ഞാൻ സ്വയമെടുത്തണിയുന്നു.. എന്നെ പുതഞ്ഞ മണ്ണിലൂടെ... ചുരുണ്ടുപിണഞ്ഞ വേരുകളിലൂടെ.. എന്റെ രക്തം കുടിക്കുന്ന മഹാ വൃക്ഷങ്ങളേ, തണുത്ത മാംസത്തെ ആർത്തിയോടെ ആക്രമിക്കുന്ന ക്ഷുദ്രകീടങ്ങളേ... എന്റെ ദേഹവും എടുത്തുകൊൾക. ഓർമ്മകളെ മാത്രം അടക്കം കൊള്ളുന്ന ദേഹിയെ മാത്രം വിട്ടുതരിക....

കാരണം...

ഒരുപിടി മണ്ണിന്റെ സ്നേഹവും...  ഒരു പനിനീർപ്പൂവിന്റെ നോവും...  ഒടുവിലീ നെഞ്ചിലായ് നല്കുമെങ്കിൽ,  ഒരു ജന്മമോളം ഒരാളെയും സ്നേഹിക്കാൻ,  ഒരു കാരണം വേറെയും വേണ്ട നമ്മിൽ...

ചിരിയുടെ രഹസ്യം

  നൊന്ത് നൊന്ത് നോവറിയാത്ത നിമിഷമെത്തും... അവിടെയും ചിരിയെ മരിക്കാൻ അനുവദിക്കരുത്. കണ്ണിൽ ഇല്ലാത്ത ചിരിയെ ചുണ്ടിൽ തറച്ചുവെച്ച്, പിന്നെയുള്ളത് നടനമാണ്... ആർക്കും തിരിച്ചറിയാനാവാത്ത, ചിരിയുടെ രഹസ്യമാണത്.

ദുസ്സ്വപ്നത്തിന്റെ വരികൾ

  നിദ്രയിൽനിന്ന് പുറത്തുകടക്കാൻ കഴിയാത്ത രാത്രികളിൽ..... ഒരു മൂളിപ്പാട്ടുപോലെ, വിദൂരത്തുനിന്നെത്തുന്ന ദുസ്സ്വപ്നങ്ങളുടെ ഇഴവള്ളികൾ, വളർന്ന്,  എന്നെ  വരിഞ്ഞുമുറുക്കും...  ഉണരാൻ ശ്രമിക്കുമ്പോൾ.. ഇരുട്ടിനു കണ്ണുകളുണ്ടാവും.... നിഴലുകൾ സർപ്പങ്ങളാവും, കൂമനും കഴുകനും, നരിയും നരിച്ചീറുമാവും... കാറ്റ് തീഗോളമാവും... പിന്നെ ആ വള്ളികളിൽ ചോരപ്പൂവുകൾ വിടരും. എന്റെ ചലനങ്ങളെ അവ ബന്ധിയാക്കും. വിലാപങ്ങളെ തടഞ്ഞുവെക്കും....  എന്നെ - ഇരുട്ടിന്റെ അഗാധ ഗർത്തത്തിലേക്ക് വലിച്ചിടും. എല്ലാത്തിൽനിന്നും ശാന്തതയിലേക്ക് കണ്ണുതുറക്കുമ്പോൾ , നിദ്ര ആ ഗർത്തത്തിൽ  വീണുപോയിട്ടുണ്ടാവും.. അതേ  ദുസ്സ്വപ്നത്തെ കവിതയാക്കാൻ, വീണ്ടും ഒരു രാത്രി ഞാൻ ഉറങ്ങാതിരിക്കും...

അലിഞ്ഞ്

എല്ലാത്തിനെയും സ്വീകരിക്കാൻ നീ കൈവിരലുകൾ നീട്ടുമ്പോൾ , സാഗരമേ...എന്റെ പാദങ്ങളെ വലിച്ചടുപ്പിക്കുവാൻ ശ്രമിക്കുന്നതെന്തിന് ?.! നീ എന്റെ ഏകാന്തതയെയും നോവുകളെയും സ്വീകരിക്കുമെങ്കിൽ,..... എന്റെ പാപഭാരങ്ങളെയും, രഹസ്യങ്ങളെയും ആഴത്തിൽ ഒളിപ്പിക്കുമെങ്കിൽ,..... അവയെ നിന്റെ അടിത്തട്ടിലെ, ഇരുട്ടിന്റെയും ആഴത്തിലെ, ചിപ്പികൾക്കുള്ളിൽ മറച്ചുവെക്കുമെങ്കിൽ,.....  നിന്നിലെ ഒരു തിരയായി, അലിഞ്ഞു ഞാൻ സ്വതന്ത്രനാവാം....

നർത്തകി

ഒരു നർത്തകിയെപ്പോലെ,  മഴ എന്റെ മുറ്റത്ത് ചുവടുവയ്ക്കുന്നു. അവളുടെ ചിലങ്കയുടെ നാദത്തിലലിഞ്ഞ്, ഉമ്മറപ്പടിയിൽ ഞാനും. മയൂരമെന്നപോലെ സന്ധ്യയോ, അതിന്റെ നിറങ്ങളെ  ആകാശത്തു വിടർത്തിനിൽക്കുന്നു.... അതിലൊരു കടും നീല നിറത്തെ, ചാലിച്ച് നീലിച്ച് ഇരുട്ടാക്കി കുടിക്കുവാൻ  വീണ്ടും രാത്രി അതിന്റെ വായ തുറക്കുന്നു. അവൾ അപ്പോഴും നൃത്തം നിർത്താതെ,  എന്റെ മുഖത്തേക്ക് നനുത്ത കണങ്ങളെറിയുന്നു...  ഞാൻ അവളെ പ്രണയിച്ചുപോകുന്നു.

ചായം

  " മാനസി ... ഞാന്‍ നിന്നെ സ്പര്‍ശിച്ചോട്ടെ ?” അവള്‍ മധുരമായൊന്ന് മൂളി . അവന്‍ അവളോടടുത്തുനിന്നു . അവളുടെ മൃദുലമായ കവിള്‍ത്തടത്തിലൂടെ കൈവിരലുകളോടിച്ചു . അധരങ്ങളുടെ അഗ്രത്തില്‍ കൈകള്‍വച്ചു . അവള്‍ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു . എന്നാല്‍ അവന്‍ അത് കാണുന്നുണ്ടായിരുന്നില്ല . " ഞാന്‍ സുന്ദരിയാണോ ?” " തീര്‍ച്ചയായും മാനസി . നീ അതി സുന്ദരിതന്നെയാണ് .” " പക്ഷേ , അങ്ങേയ്ക്ക് കാഴ്ചയില്ലല്ലോ .” അവന്‍ പുഞ്ചിരിച്ചുകൊണ്ട് , തിരികെ തന്റെ ക്യാന്‍വാസിന്റെ മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു : " ആരുപറഞ്ഞു എനിക്ക് കാഴ്ചയില്ലെന്ന് .” മേശമേലിരുന്ന ബ്രഷുകളില്‍ സ്പര്‍ശിച്ച് അളവുനോക്കി അവന്‍ കൃത്യമായതെടുത്തു . തനിക്കുമുമ്പിലെ ക്യാന്‍വാസിനെയും തലോടിക്കൊണ്ടിരുന്നു . അവള്‍ ചുമരുകളിലേക്ക് നോക്കി . അവന്‍ സ്പര്‍ശിക്കുന്നതൊക്കെയും അവന്‍ കാണുന്നുണ്ട് . നിറങ്ങളെ അറിയുന്നിലെങ്കിലും , അവന്റെ ചായക്കൂട്ടുകള്‍ ആ ചിത്രങ്ങളില്‍ അഗാധമായ ഒരു ആസക്തി തിരുകിവയ്ക്കുന്നുണ്ട് . ഇരുണ്ട പനിനീര്‍പ്പൂക്കള്‍ , ചുവന്ന മഴ , കറുത്ത ഇലകള്‍ , പകലും രാവുമെല്ലാം ഒരുപോലെതന്നെ . " മാന

ഓര്‍മ്മകളുടെ വാര്‍ദ്ധക്യം

  ചുക്കിച്ചുളിഞ്ഞ്,  എലുമ്പിച്ച കൈപിടിച്ച് പിച്ചവയ്ക്കാന്‍പഠിപ്പിക്കുമ്പോള്‍, അവന്‍ ഓര്‍മ്മകളുടെ നിധികുംഭത്തില്‍ കൈയ്യിട്ടുവാരുകയായിരുന്നു. ഇതേ വൃദ്ധനല്ലേ.... തന്നെ നടക്കാന്‍ പഠിപ്പിച്ചത്, കഴിക്കാന്‍ പഠിപ്പിച്ചത്, കൂടെ ഓടിക്കളിച്ചത്, നെഞ്ചോട് ചേര്‍ത്തുറക്കിയത്. കമ്പിളിപ്പുതപ്പുകൊണ്ട് പുതപ്പിച്ച്, നരച്ച, മുടികൊഴിഞ്ഞ, തൊലിയുണങ്ങിയ ശിരസ്സിലൊരു മുത്തംകൊടുത്തു. ഉറങ്ങട്ടെ. വാര്‍ദ്ധക്യത്താലെ വേച്ചുപോകുന്ന പാദങ്ങള്‍ക്ക് താങ്ങാവുമ്പോള്‍, ഇന്ന്, പിതാവിന്റെ ജരാനരകളില്‍ കുറേ ഞാനും ഏറ്റുവാങ്ങുന്നുവോ ?. ഈ യുഗത്തിലെ പുരു ഞാനകുന്നുവോ ? എന്റെ ഓര്‍മ്മകള്‍ക്കും വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നുവോ ?. ചിതലരിച്ച പുസ്തകക്കെട്ടുകള്‍, വാത്സല്യംകിനിയുന്ന ചിത്രങ്ങള്‍, പൊട്ടിയ കളിക്കോപ്പുകള്‍, ഓരോന്നും തപ്പിപ്പെറുക്കിയെടുത്തു. ഓരോന്നും കണ്ണുനിറച്ചു. ആ പഴയ കാറ്റാടിപ്പിടിയുമായ് വീണ്ടുമൊരു ബാല്യംകൊതിച്ച്, ആ വൃദ്ധന്റെയടുത്തേക്കോടിയെത്തിയപ്പോള്‍, അയാളൊരു ചോദ്യം, നിറകണ്ണുകളിലേക്ക് നോക്കി എറിഞ്ഞു. ആരാണ് നീ ? ഓര്‍മ്മകളെയും വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു.

നാം

എത്രവേഗത്തിലാണ് അകലങ്ങളുണ്ടാവുന്നത്. മുറിവുകള്‍ക്കാഴമുണ്ടാവാനും ക്ഷണനേരംമതി. ഇന്നലകളൊക്കെ ഓര്‍മ്മകളാവാനും, ഓര്‍മ്മകളൊക്കെ മറവികളാവാനും അത്രതന്നെ നേരം മതിയാവുമത്രേ. ചിലര്‍ അകന്നുപോവുന്നത് കണ്‍മുന്‍പിലാവും. തിരിച്ചുവിളിക്കുവാനില്ലവകാശവും. നാമാര്, വെറുമപരിചിതര്‍ മാത്രം. ജനിമൃതികള്‍ക്കിടയിലെപ്പോഴോ കണ്ടുപിരിയുവാന്‍ വിധിക്കപ്പെട്ടവര്‍. ഇന്ദ്രിയങ്ങള്‍ക്ക് മരണമുണ്ടായാലും ഓര്‍മ്മകളെ എവിടെ അടക്കുവാനാവും. ഒരുയാത്രയില്‍വീണ്ടുമിനിനാം തമ്മില്‍ കണ്ടുമുട്ടീടുമെന്നോര്‍ക്കാം. ഒരുകനവിലെങ്കിലും വീണ്ടും, നാമൊരേ മഴ നനയുമെന്നോര്‍ക്കാം. അന്നുനിന്‍കൈപിടിക്കാനൊരാളില്ലെങ്കില്‍ എന്നെ നീ ഓര്‍ക്കുമോ ? എന്നെ നീ തിരയുമോ ?

വേശ്യ

  മെലിഞ്ഞ കൈവിരലുകൊണ്ട് കരിമഷിയെടുത്തവള്‍, നിദ്രവിട്ടൊഴിയാത്ത മിഴിക്കോണ് പിന്നെയും, കൂര്‍പ്പിച്ച് കറുപ്പിച്ച് കണ്ണാടി നോക്കി. നരതെളിഞ്ഞെന്ന് കാണാതിരിക്കാന്‍, കരികുറേമുടിയിലും വരച്ചുകോതി. ഇരുട്ടിലിറങ്ങിനടന്നൂ, ഉള്ളിലൊരു കനലടുപ്പുണ്ടപ്പോഴുമെരിയുന്നു. ഇരുട്ടിന്റെ ശീലയില്‍ പുതച്ചുമറഞ്ഞുഞാന്‍ അഴുക്കുചാലോടിക്കടക്കാന്‍ ശ്രമിക്കവേ, ഭയക്കേണ്ടതാരെയീ നഗരപന്ഥാവിതില്‍ ? നരിയെയോ അതോ നരനെയോ ? പത്തുചില്ലിക്കാശിനത്താഴവും വെടിഞ്ഞ- ന്തിയാമത്തില്‍ പുറത്തിറങ്ങുന്നവള്‍. പകലുകണ്ടാല്‍ കല്ലെറിഞ്ഞിടുന്നവരുണ്ട്, അവര്‍ത്തന്നെ രാത്രിയില്‍ പായൊരുക്കും. ലഹരിമൂത്താലവര്‍ക്കെന്തുമാവാം, മുറിപ്പെടുത്താം, ചതയ്ക്കാം വധിക്കാം. ഒടുക്കം വിയര്‍ത്തും തളര്‍ന്നും മുറിഞ്ഞും, കൂരയെത്താന്‍ കഴിഞ്ഞാല്‍ത്തന്നെ ഭാഗ്യം. തൊട്ടിലില്‍ വാവിട്ടുകരയുന്ന കുഞ്ഞിന്ന്, പൈമ്പാലുകാച്ചിക്കൊടുത്തവള്‍ ഏങ്ങലോടു-, ള്ളിലെ വ്രണത്തിന്റെ നോവോടെ ചൊല്ലി, എന്റെ മുലപ്പാല്‍ നീ കുടിക്കവേണ്ട.!

ഭയം.

പെയ്തു തോരാനിരിക്കുന്ന ഓരോ മഴകളെയും ഒളിപ്പിച്ചുവച്ച കൽത്തുറുങ്കാണ് എന്റെ മനസ്സ്. ഒരു സ്പര്‍ശംകൊണ്ട് നീയത് തകര്‍ക്കുമോ, എന്നുള്ളതാണെന്റെ ഭയം.

വീണ്ടുമൊരു കവിത

  രാവിന്റെ ചിറകില്‍നിന്നും പൊഴിഞ്ഞുവീണ ഇരുട്ടിന്റെ തൂവലില്‍ രാക്കിനാക്കളുുടെ മഷി പുരട്ടി വീണ്ടുമൊരു കവിത എഴുതി. മണ്ണെണ്ണവിളക്കിന്റെ ഗന്ധം.. അരണ്ട മഞ്ഞവെളിച്ചം. തീനാവിലേക്ക് ചിറകുുകള്‍ ബലിനല്‍കി വീഴുന്ന ഈയാംപാറ്റകളുടെ മൗനമാര്‍ന്ന നിലവിളി. വിളക്കണയ്ക്കേണ്ട താമസം... ഉറഞ്ഞുകൂടുന്ന കറുപ്പിന്റെ തുള്ളികള്‍, മേല്‍ക്കൂരയുടെ വിടവിലൂടെ ഊര്‍ന്നുവീഴാന്‍ കാത്തിരിക്കുന്നു. സ്വപ്നത്തിലെ നിശാഗന്ധിപ്പൂവും അവളെ പ്രണയിച്ച നിലാവും ആ രാത്രിയിലും ഒന്നുചേര്‍ന്നില്ല..

ഇരുമ്പുകൂട്

    ഒരുപാട് വര്‍ണ്ണങ്ങള്‍ പടര്‍ന്ന ചിറകുകളുള്ളൊരു മായപ്പക്ഷി. അതിനോട് പ്രണയംതോന്നിയാല്‍ നീയെന്ത് ചെയ്യും ? ഇരുമ്പുകൂട്ടില്‍ തടവിലാക്കുമോ, സ്വതന്ത്രമായതിനെ പറത്തിവിടുമോ ? ഞാനും അതുതന്നെ ചെയ്തു... നീ നിന്റെ ചിറകുകളില്‍ പറക്കുക, ആകാശത്തിന്റെ അതിരുകള്‍ത്തേടി ചിറകുകള്‍ വീശുക, എന്റെ മോഹങ്ങളുടെ വിത്തുവീണുയര്‍ന്ന മഹാവൃക്ഷത്തിന്റെ ചില്ലയില്‍, തിരികെ ഒരിക്കല്‍ നീ വന്നിരുന്നാല്‍, അന്നെന്നെ ഓര്‍ക്കുക. എന്നെ നീ തടവിലാക്കിയാണ് പോയത്, നിന്റെ പ്രണയത്തിന്റെ ഇരുമ്പുകൂട്ടില്‍..

ചിലത്

    ഒരു ക്ഷണംകൊണ്ട് നിറയാനും മറുക്ഷണംകൊണ്ട് മറയാനും കഴിയുന്ന ചില സ്വപ്നങ്ങളുണ്ട്. ഒരു മഴത്തുള്ളിയിറ്റുവീഴുമ്പോള്‍, മറയുന്ന വേനലിനെപ്പോലെ, ചിലരെത്തുമ്പോള്‍ മാത്രം മായുന്ന നൊമ്പരങ്ങളുണ്ട്. ചില ചിരികള്‍ക്ക് മാത്രം സമ്മാനിക്കാന്‍ കഴിയുന്ന ഓര്‍മ്മകളുണ്ട്. ചിലര്‍ക്കുവേണ്ടി മാത്രം വിരിയുന്ന പുഞ്ചിരികളുണ്ട്. മരണംകൊണ്ടുപോലും ചിലതൊക്കെ മരിക്കാതെയുണ്ട്.