Skip to main content

Posts

കവർച്ച

 
Recent posts

ഇനി...

പച്ച മരിച്ച ഇലകൾ വീണ് , ഈ വഴി ചുവന്നു നിൽക്കുമ്പോൾ. ആരോ വരച്ച പൊൻതിലകമാകാശ മൂർദ്ധാവിൽ നിന്നും ചോരുമ്പോൾ. വൈകാതെ എത്താനിരിക്കുന്ന രാവിനായ് ഉമ്മറത്തൊരു മൺവിളക്കാളുമ്പോൾ,  കൊഴിയാത്തൊരൊറ്റ വാകപ്പൂവുപോലെ ഞാൻ,.. വൃദ്ധനായ്‌,.. ഈ  സന്ധ്യയിലും ഒറ്റയാകുമ്പോൾ,  ഇനിയേതു കവിതയ്ക്കാണ് ഞാൻ പിറവി കൊടുക്കേണ്ടത് ?..

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

ഞാൻ....നീ....

നിനക്കായ് ഒളിപ്പിച്ച വസന്തത്തിന്റെ ബാക്കിപത്രങ്ങളെ മുടിയിൽ ചൂടി ഞാൻ.... എന്റെ ശിഖരങ്ങളെ നഗ്നയാക്കി ശിശിരമാകുന്ന നീ. നിന്നിൽ വേരുകൾ പടർത്തി മയങ്ങുവാൻ ഞാൻ. എന്നിൽ പടർന്നുകയറുന്ന ഇഴവള്ളികളായ് നീ...

പ്രണയിക്കാൻ പഠിപ്പിച്ചവൾ...

ഓട്ടുവിളക്കിന്റെ പൂതമാം  സ്വർണ്ണവെളിച്ചത്തെയും, നിദ്രാവിഹീനങ്ങളായ  രാത്രികളുടെ ലഹരിയെയും , പുനർജ്ജന്മത്തിനായി കാത്തിരിക്കുന്ന, വാടിവീഴുന്ന പുഷ്പങ്ങളെയും, നക്ഷത്രങ്ങളില്ലാത്ത രാത്രികളെയും, മുറിവേൽപ്പിക്കുന്ന വിശപ്പിനെയും, ഏകാകിയുടെ വാചാലതകളെയും, സംഗീതത്തിന്റെ ദാഹങ്ങളെയും, പ്രകൃതിയുടെ മഹാമൗനത്തെയും, ഓർമ്മയേയും , നോവിനെയും.. പ്രണയിക്കാൻ പഠിപ്പിച്ചവൾ... കവിത.

ഞാനും നീയും

  ഈ ജാലകത്തിനിപ്പുറത്ത് ഞാനും അപ്പുറമൊരു മരച്ചില്ലയിൽ നീയും വന്നിരിക്കുക പതിവാണ്.. അജ്ഞാതമായ എന്തോ ഗാനം നീ പാടും.. അതെന്തെന്ന് അറിയാതെയെങ്കിലും അതിലെന്റെ ഉള്ളൊന്നു നോവും. ഇന്ന് നീയെന്തേ വരാഞ്ഞത് ? ഈ വഴി നീ മറന്നതല്ലെന്നുറപ്പ്. അല്പപ്രാണിയായ നിന്നിൽ എന്റെ പുലരിയെ ഞാൻ തറച്ചുവെക്കാൻ പാടില്ലായിരുന്നു..

വില

  പ്രാണനും  മരണത്തിനുമിടയിലെ  പിടച്ചിലുകൾക്കിടയിൽ , ജീവശ്വാസത്തെയും നാം  വാണിജ്യമാക്കും.... അതിന്റെ വിലവിവരപ്പട്ടികയുടെ കണക്കുചൂണ്ടയിലും  മനുഷ്യത്വത്തെ നാം കുരുക്കിവയ്ക്കും...

അവൾക്കും.......

അവൾക്കും സ്വപ്നങ്ങളുണ്ടായിരുന്നു. കുറെ ഒക്കെ അവൾ, വഴിയിലെറിഞ്ഞുകളഞ്ഞു. ചിലതൊക്കെ വേരുറയ്ക്കുംമുന്നേ കരിഞ്ഞുപോയി. കുറെ കട്ടിലിനും തലയിണയ്ക്കും ചുവട്ടിൽ ഒളിപ്പിച്ചുവെച്ചു. കുറെ ഒക്കെ അടുപ്പിലെ കനലിൽ എരിച്ചുകളഞ്ഞു. സൂചിയുടെയും നൂലിന്റെയും അകലത്തിലാണ് ചിലത് നഷ്ടപ്പെട്ടത്. കരിക്കലത്തിന്റെയും, മൺചട്ടികളുടെയും കലഹങ്ങൾക്കിടയിൽ  ചിലത് കാണാതെപോയി. കൈയിൽനിന്നും അറിയാതെ വീണുപൊട്ടിയ ചില്ലുപാത്രത്തിനൊപ്പവും, കുറെ തകർന്നുപോയിരുന്നു. മിച്ചമുള്ളതൊക്കെ കൂട്ടിപ്പെറുക്കി, അലമാരയിലും അരിക്കലത്തിലും പറമ്പിലെ മണ്ണിലും വരെ പൂഴ്ത്തിവെച്ചു. പിന്നെയും ബാക്കിയുള്ള കൊച്ചു സ്വപ്നങ്ങളൊക്കെ അവൾ മാറോട് ചേർത്തു പിടിച്ചിട്ടുണ്ട്. നാളെയാരെങ്കിലും നെറ്റിചുളിച്ചാൽ അതിനെയും കൊല്ലേണ്ടി വരുമോ എന്ന ഭയത്തോടെ.

ഒരു പുലരിയിൽ ...

"നേരം വെളുത്തതെ ഉള്ളു... അവൾ തുടങ്ങി.. എന്തൊരു ശബ്ദമാ അടുക്കളയിൽ.. ഉറങ്ങാനും സമ്മതിക്കില്ലേ ഇവൾ.. ഇവിടെ ഒരു കെളവനും കെളവിക്കും തിന്നാൻ ഉണ്ടാക്കാൻ, ഇത്രയൊക്കെ ശബ്ദം എന്തിനാ ?.." അയാൾ പരിഭവിച്ച് , കൂനിപ്പിടിച്ച് എണീറ്റിരുന്നു. മേശപ്പുറത്തു പരതിനോക്കിയ ശേഷം  ഉറക്കെ ചോദിച്ചു : "എവിടെയാടീ എന്റെ കണ്ണാടി..??  ങേ ?? ഹോ... ഒരു ശ്രദ്ധയും ഇല്ല.." മറുപടിയായി കിട്ടുന്ന  മൗനം തീരെ ഇഷ്ടപ്പെടുന്നതും ഇല്ല.. "എന്ത് പറഞ്ഞാലും ഇങ്ങനെ മിണ്ടാതെ ഇരുന്നാ  മതിയല്ലോ......വയസ്സായാ കെട്ട്യോളും ഇങ്ങനെ ആയാ എന്താ ചെയ്ക ?....ഹോ.. എന്റെ വടി എവിടെ ...?......എടിയേ ... ഒന്നിങ്ങു വന്ന് എണീപ്പിക്കടീ..." ആരോ വന്ന് കൈ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.... മുഖത്ത് കണ്ണട വെച്ചു. "നീയോ ?.... നീയെപ്പോ വന്നു..? നിന്റെ പെമ്പർന്നോത്തി വന്നില്ലേടാ ?? നിന്റെ തള്ള എന്തിയെ ? അടുക്കളയിൽ നല്ല കസർത്ത് ആണല്ലേ...  ?" ഒരു മൗനത്തിന്റെ ഇടവേളയ്ക്കപ്പുറം ഇടറുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു : "അച്ഛാ.... അമ്മ.... അമ്മ പോയിട്ട് 2 ദിവസം ആയില്ലേ ?" അയാൾ മൗനമായി. അടുക്കളയിൽ വെളിച്ചം പോലും തെളിഞ്ഞിട്ടില്ല... അവ

സ്വാദുള്ള കവിതകൾ..

ചികഞ്ഞു കണ്ടെത്തുന്ന വാക്കുകളെ കൂട്ടിപ്പെറുക്കി, ഓർമ്മയിലകൾ  പൊതിഞ്ഞ്, നോവുന്ന കനലിലിട്ട് കത്തിച്ച്, വേവുന്ന നേരത്ത് കണ്ണീരുപ്പുചേർത്ത്, പാകത്തിൽ വിളമ്പുന്നതാണ് ചില സ്വാദുള്ള കവിതകൾ..

കൈപ്പട

ചിന്തകൾ തളർന്നിരിക്കുമ്പോൾ  എഴുതാനിരിക്കേ ചിലപ്പോഴൊക്കെ, അർത്ഥമില്ലാത്ത വാക്കുകൾ കടലാസ്സിൽ  മഷിയുടുത്ത് ഓടി നടക്കാറുണ്ട്... കൈപ്പട എങ്ങനെയോ അങ്ങനെതന്നെ  മനുഷ്യന്റെ  ഉള്ളും ചിന്തകളുമത്രെ.. എന്റെ കൈപ്പട ഒരു കാടുപോലെ.. ഇരുട്ടിന്റെ ഇഴവള്ളികൾപോലെ.. അതിൽ നിന്നും പൊഴിഞ്ഞ  നക്ഷത്രപ്പൂക്കളെ  കൊരുക്കാൻ, മഷിപുരണ്ട ജൽപനങ്ങളെ നിലാവുകൊണ്ട് പുതയ്ക്കാൻ ... ഒരു കവിതകൂടി ഞാൻ എഴുതട്ടെ...

ആട്

ആട് : ചെറുകഥ Manoramaonline.com - ൽ പ്രസിദ്ധീകരിച്ചത് : ( വായിക്കുക )

ഇന്ന്......!

എന്തോ എഴുതണം എന്ന് കരുതി. കഴിയുന്നില്ല... അരണ്ട വെളിച്ചത്തോടുള്ള മമത കാരണം, മുറിയിലെ പഴയ, മഞ്ഞച്ചു മഞ്ഞച്ചു ചുവപ്പോളമായ ബൾബ് മാറ്റിയിട്ടില്ല ഞാൻ. ഇന്ന് മാത്രം അതിന്റെ വെളിച്ചം കണ്ണിൽ തുളഞ്ഞു കയറുന്നത് പോലെ .. എങ്കിലും എഴുതണം... കറുത്ത മഷികുടയുന്ന പേനയോടുമുണ്ട്, അത്തരത്തിൽ ഒരിഷ്ടക്കൂടുതൽ..എന്നാൽ... ഇന്ന്... എന്തോ... പേന മുറിയിലെ അലക്ഷ്യമായി കിടക്കുന്ന കടലാസ്സുകൂമ്പാരത്തിൽ..എവിടെയോ ഒളിച്ചു. എങ്കിലും എഴുതണം.. കീറിയും ചുരുട്ടിയും വലിച്ചെറിഞ്ഞ കടലാസുകഷണങ്ങളുടെ മുറിവിൽനിന്നും രക്‌തമൊഴുകുന്നുണ്ടോ?... അതോ പാതി ജീവനെത്തിയപ്പോഴേക്കും, ചീന്തി എറിഞ്ഞ കവിതകൾ രക്തം വിയർക്കുന്നതാവുമോ .?. എന്റെ കൈവിരലുകളിൽ നിന്ന് ശക്തി ചോർന്നൊലിക്കുന്നു.. കണ്ണുകളിൽ തളർച്ച പടർന്നുകയറുന്നു... ഇന്ന്... ഇനി എഴുതാൻ വയ്യ...

ന്യായവിധി.

ഇന്നലെകൾ, എന്നെ ന്യായം വിധിക്കുന്നു. ഒരു വേട്ട നായുടെ  ശൗര്യത്തോടെ, അതെന്നെ കടിച്ചുമുറിക്കുന്നു. എന്റെ നിഴൽ, ഒറ്റുകാരന്റെ ചുംബനം എനിക്കുനൽകുന്നു. പശ്ചാത്താപത്തിന്റെ കാരമുൾക്കിരീടം ഞാൻ സ്വയമെടുത്തണിയുന്നു.. എന്നെ പുതഞ്ഞ മണ്ണിലൂടെ... ചുരുണ്ടുപിണഞ്ഞ വേരുകളിലൂടെ.. എന്റെ രക്തം കുടിക്കുന്ന മഹാ വൃക്ഷങ്ങളേ, തണുത്ത മാംസത്തെ ആർത്തിയോടെ ആക്രമിക്കുന്ന ക്ഷുദ്രകീടങ്ങളേ... എന്റെ ദേഹവും എടുത്തുകൊൾക. ഓർമ്മകളെ മാത്രം അടക്കം കൊള്ളുന്ന ദേഹിയെ മാത്രം വിട്ടുതരിക....

കാരണം...

ഒരുപിടി മണ്ണിന്റെ സ്നേഹവും...  ഒരു പനിനീർപ്പൂവിന്റെ നോവും...  ഒടുവിലീ നെഞ്ചിലായ് നല്കുമെങ്കിൽ,  ഒരു ജന്മമോളം ഒരാളെയും സ്നേഹിക്കാൻ,  ഒരു കാരണം വേറെയും വേണ്ട നമ്മിൽ...

ചിരിയുടെ രഹസ്യം

  നൊന്ത് നൊന്ത് നോവറിയാത്ത നിമിഷമെത്തും... അവിടെയും ചിരിയെ മരിക്കാൻ അനുവദിക്കരുത്. കണ്ണിൽ ഇല്ലാത്ത ചിരിയെ ചുണ്ടിൽ തറച്ചുവെച്ച്, പിന്നെയുള്ളത് നടനമാണ്... ആർക്കും തിരിച്ചറിയാനാവാത്ത, ചിരിയുടെ രഹസ്യമാണത്.

ദുസ്സ്വപ്നത്തിന്റെ വരികൾ

  നിദ്രയിൽനിന്ന് പുറത്തുകടക്കാൻ കഴിയാത്ത രാത്രികളിൽ..... ഒരു മൂളിപ്പാട്ടുപോലെ, വിദൂരത്തുനിന്നെത്തുന്ന ദുസ്സ്വപ്നങ്ങളുടെ ഇഴവള്ളികൾ, വളർന്ന്,  എന്നെ  വരിഞ്ഞുമുറുക്കും...  ഉണരാൻ ശ്രമിക്കുമ്പോൾ.. ഇരുട്ടിനു കണ്ണുകളുണ്ടാവും.... നിഴലുകൾ സർപ്പങ്ങളാവും, കൂമനും കഴുകനും, നരിയും നരിച്ചീറുമാവും... കാറ്റ് തീഗോളമാവും... പിന്നെ ആ വള്ളികളിൽ ചോരപ്പൂവുകൾ വിടരും. എന്റെ ചലനങ്ങളെ അവ ബന്ധിയാക്കും. വിലാപങ്ങളെ തടഞ്ഞുവെക്കും....  എന്നെ - ഇരുട്ടിന്റെ അഗാധ ഗർത്തത്തിലേക്ക് വലിച്ചിടും. എല്ലാത്തിൽനിന്നും ശാന്തതയിലേക്ക് കണ്ണുതുറക്കുമ്പോൾ , നിദ്ര ആ ഗർത്തത്തിൽ  വീണുപോയിട്ടുണ്ടാവും.. അതേ  ദുസ്സ്വപ്നത്തെ കവിതയാക്കാൻ, വീണ്ടും ഒരു രാത്രി ഞാൻ ഉറങ്ങാതിരിക്കും...