Skip to main content

Posts

Showing posts from April, 2019

കവർച്ച

 

എന്തിനാവാം

ഇനിയും മുറിവുണങ്ങാത്ത പൂവേ.. എന്റെ കൈക്കുള്ളിൽ മെല്ലെ ഞെരുങ്ങുമ്പോഴും ..... മടിത്തട്ടിൽ ഇപ്പോഴും എനിക്കുവേണ്ടി ഒരു ഹിമകണം നീ കാത്തുവെച്ചതെന്തിനാണ്...

കടന്നുപോയത്

എത്ര വേഗം കടന്നുപോയ് കാലമേ.... എത്ര വേഗം നീ മറഞ്ഞുപോയി. കണ്ണ് ഞാൻ മെല്ലെത്തുറന്നപ്പോഴേക്കും ഇന്നലെകളായ് നീ   അകന്നുപോയി... ഒരുപാട് ഓർമ്മകളെ അടക്കം ചെയ്ത ചിത്രം. ഓരോ വട്ടം നോക്കുമ്പോഴും, ഒരായിരം സ്‌മൃതികളെ ഉണർത്തുന്നുണ്ട്  ഉള്ളിൽ. നോക്കുമ്പോൾ, പലരുടെയും മാറ്റം അത്ഭുതപ്പെടുത്തുന്നു... എന്നാൽ ചിലർക്ക് മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് പറയുന്നതാവും ശരി. അല്പം ഉയരം വെച്ചെന്നതൊഴിച്ചാൽ, അവർ പഴയതുപോലെ തന്നെ ഉണ്ട്. ചിലർ പഠിക്കുന്നു, കൂടുതൽ പേരും ജോലിക്കാർ.... പെൺകുട്ടികൾ  പലരുടെയും കല്യാണം കഴിഞ്ഞിരിക്കുന്നു. ... ജീവിതത്തിന്റെ നല്ലൊരു ഭാഗം എത്രയോ വേഗം കഴിഞ്ഞിരിക്കുന്നു. എത്രത്തോളം ഞാൻ മാറിയിട്ടുണ്ടാവാം.. ആരുടെയും മുഖത്തു നോക്കാതിരുന്ന, ആരോടും ശബ്ദം ഉയർത്തി സംസാരിക്കാതിരുന്ന, ഒന്നിനുനേരെയും വിരൽ ചൂണ്ടാതിരുന്ന  എന്നെ കാലം എങ്ങനെ മാറ്റിയിട്ടുണ്ടാവാം , എന്നെല്ലാം പരതിനോക്കുമ്പോൾ , ആ ചിത്രത്തിലെ ഏറ്റവും പിന്നിലെ വരിയ്ക്കും പിറകിൽനിന്ന് , ഞാൻ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു...... ആ എന്നെ എനിക്ക് നഷ്ടമായിരിക്കുന്നു...

ഈ രാത്രിയോടുള്ള ചോദ്യങ്ങൾ

നിന്നെ ഞാൻ വെറുക്കുന്നു.... എന്റെ ഓർമ്മകളുടെ ഭിത്തിയിൽ പറ്റിപ്പടരുന്ന നിന്റെ ഇരുട്ടിനെ ഞാൻ വലിച്ചെറിയാൻ ശ്രമിക്കുംതോറും, എന്തിനാണെന്നെ മുറുക്കിക്കുരുക്കി ശ്വാസം മുട്ടിക്കുന്നത്. ? മുന്നിലുണ്ടായിരുന്ന വഴികൾ എനിക്കുമുന്നിൽ കൊട്ടിയടച്ച് എന്തിനാണ് നീ അട്ടഹസിക്കുന്നത് ? എന്റെ വെളിച്ചത്തിനെ വിലങ്ങുവെച്ചതെന്തിനാണ് ? എന്റെ നിദ്രയെ ചങ്ങലയ്ക്കിട്ടതെന്തിനാണ് ? എന്റെ ചോദ്യങ്ങൾക്കുത്തരം നൽകാതെ, ഇനിയും എന്റെ പുലരിയെ സ്വതന്ത്രനാക്കാതെ, എനിക്കുചുറ്റും നീ പടരുന്നതെന്തിനാണ് ? 

അരിസ്റ്റോട്ടിൽ

ആയുധംകൊണ്ട് രാജ്യങ്ങളെ കീഴടക്കിയ അലക്‌സാണ്ടറിനു വാക്കുകൾക്കൊണ്ട് സർവ്വലോകവും കീഴടക്കിയ ആചാര്യനുണ്ടായിരുന്നു...

അനന്തത

കാലത്തിനു പിന്നിലേക്കും അനന്തത .... മുന്നിലേക്കും അനന്തത ... ഈ നിമിഷകമാകട്ടെ, അതിനെക്കുറിച്ചുള്ള ചിന്ത നമ്മുടെ ഹൃദയത്തിലുണരും മുന്നേ ... ആ അനന്തതയിലെവിടേയ്ക്കോ മറഞ്ഞു കഴിഞ്ഞിരിക്കുന്നു...

തിരയുമ്പോൾ കണ്ടെത്തുന്നത്

തന്നിലേക്ക് തന്നെ താനായിരിക്കേണ്ടത് എന്താണെന്ന്  തിരയുന്നവൻ ഈശ്വരനെയും. തന്നിലേക്ക് തന്നെ താനെന്താവാൻ പാടില്ലെന്ന് തിരയുന്നവൻ ചെകുത്താനെയും കണ്ടെത്തുന്നു...

നോട്ടിഫിക്കേഷൻ

നിർത്താതെയുള്ള നോട്ടിഫിക്കേഷൻ ട്യൂൺ,.... അതില്ലാത്ത നിമിഷങ്ങളുണ്ടായിരുന്നില്ല... വാട്ട്സാപ്പിൽ കുമിഞ്ഞുകൂടുന്ന മെസ്സേജുകൾ, മണിക്കൂറുകൾ നീണ്ട വ്യർത്ഥഭാഷണങ്ങൾ, ജീവിതത്തെ നിയന്ത്രിക്കുന്ന കീബോർഡ്.... നാലുചുമരുകൾക്കുള്ളിൽ ഭൂഗോളത്തെ മുഴുവൻ ആഗോളവൽക്കരിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ കണ്ണുമങ്ങി, ജരാനരകളുണ്ടായി, അവൻ വൃദ്ധനായി... ഒടുവിലവന്റെ ലോകം ആറടിമണ്ണിലേക്ക് ഒന്നുകൂടി ചുരുങ്ങിയതറിയിക്കാൻ , പലരുടെയും ചുമരുകൾക്കുള്ളിൽ നോട്ടിഫിക്കേഷൻ ട്യൂൺ മുഴങ്ങിയിരുന്നു....

പ്രിയേ..

ഏകാന്തതയെ കുടിക്കുന്ന യാമങ്ങളിലെല്ലാം ഞാൻ ഉന്മത്തനായിരുന്നു. നിന്റെ കാൽപ്പാടുകൾ ഒളിഞ്ഞു കിടക്കുന്ന മഴക്കാടുകളിൽ, ഞാൻ വീണ്ടും നിനക്കായ് തിരയുന്നു. പ്രിയേ.. എന്റെ തൂലിക, നിന്റെ ഇനിയും വറ്റാത്ത മിഴിനീരിൽ കുതിർത്ത് ഞാൻ ഒരിക്കൽകൂടി എഴുതാൻ തുടങ്ങുന്നു. അജ്ഞമായ ദിക്കുകൾക്കപ്പുറത്തെ ആകാശത്തിന്റെ മൗനത്തെക്കുറിച്ചും, ഇരുട്ടിൽ, ആരും കേൾക്കാത്ത നക്ഷത്രങ്ങളുടെ.....ആത്മാക്കളുടെ... നഷ്ടസ്വപ്നങ്ങളെക്കുറിച്ചും, എനിക്ക് നീ പറഞ്ഞു തന്നാലും...

വിലാപം

ചിതൽ പാതിയും തിന്നൊടുക്കിയ ആ ഡയറിത്താളുകളിൽ, ഇന്നലെകളുടെ ഗന്ധമുണ്ടായിരുന്നു. പിന്തുടരാനാവാത്ത നിന്റെ വിസ്മൃതിയുടെ കാൽപ്പാടുകൾ, തിരികെ തരാതെ പോയ കാലത്തിന്റെ തിരകളോടുള്ള എന്റെ, ഇന്നും മുഴങ്ങുന്ന വിലാപമുണ്ടായിരുന്നു....

ഗാനം

ചിലപ്പോഴൊക്കെ ഏകാന്തതയിലും ശൂന്യതയിലും, ആ കുടീരത്തിൽനിന്ന് ഒരു ഗാനം ഉയർന്നു കേൾക്കാമായിരുന്നു. നിഴലും നിലാവുംഅവളും മാത്രം കേൾക്കുവാൻവേണ്ടി.

നാളെ

സ്തന്യം കുടിച്ചു മതിവരാഞ്ഞാവാം, അമ്മതൻ മാറും പിളർന്ന് അടിത്തട്ടിലെ ഉറവകൾ കണ്ടെത്തിയത്.... പൊക്കിൾക്കൊടി തന്നതൊന്നും പോരാഞ്ഞിട്ടാവാം അവൻ, ആ ഗർഭപാത്രം തന്നെ തുരന്ന് ഖനികളെ കണ്ടെത്തിയത്... നാളെ ????

ചില പുഞ്ചിരികൾ

ചില പുഞ്ചിരികൾ ലഹരി പോലെയാണ്. ആദ്യമൊരു കൗതുകം. പിന്നെ ഉന്മാദം. പതിയെ നമ്മെ അടിമയാക്കും. വിരഹമെന്ന മൃത്യുവിലേക്ക് നടത്തും. അപ്പോഴും അതെ പുഞ്ചിരിയുടെ ഉന്മാദത്തിലായിരിക്കും നാം.

ഇനിയും

നക്ഷത്രങ്ങളുടെ കൊടുംകാട്ടിൽ എന്റെ ആത്മാവിനു വഴിതെറ്റിപ്പോയി. ആ ഇരുട്ടിലെവിടെയോ എന്റെ നിഴലിനെ എനിക്ക് നഷ്ടമായി. പെയ്തുതോർന്ന നിലാവിന്റെ ചെളിക്കുണ്ടിലൊക്കെ ചവുട്ടി നടന്ന മുന്നോട്ട് നീങ്ങി. ഇനിയും അകലങ്ങൾ. ഇനിയും വിരഹങ്ങൾ.

ഹേമന്തം

നീ പകർന്നയനുരാഗവും പെയ്തൊഴിഞ്ഞ മൃദുവർഷവും... കാത്തിരിക്കുമീ സന്ധ്യയിൽ ചെന്നിറം വീണ വാനവും... കാവ്യസങ്കല്പമേ... കവിതാത്മസംഗീതമേ... എൻ ഹൃദയവാതിൽക്കലന്നൊരുനാൾ കുറിമാനമെഴുതിയോളേ... വീണ്ടുമണയുന്ന നാൾവരെ, ഓർമ്മകൾ ചേർത്ത താൾ വരെ, നിന്നെ മാത്രമായണിയുവാൻ, ഹേമന്തമായി ഞാൻ മാറിടാം....

മറവി

ഓർമ്മകളിലേക്കുള്ള രഹസ്യവാതിൽ  ഓരോ രാത്രികളിലും തുറക്കപ്പെട്ടു..   അന്നത്തെ രാത്രി വ്യത്യസ്തമായിരുന്നു...  അകത്തു കടന്നപ്പോൾ വാതിൽ അപ്രത്യക്ഷമായി... മുന്നോട്ട് പോകുംതോറും  വഴികൾ  മറവിയുടേതായി...  നിനച്ചതും പറഞ്ഞതും കണ്ടതും കേട്ടതും  സ്വന്തമാണെന്നുള്ളിലെന്നും കുറിച്ചതും.  എല്ലാം മറവിയിൽ വീണുപോയി, പിന്നെയും  ഏതോ വാതിലും തേടി  ഇരുട്ടിനെപ്പോലും മറന്നുനടന്നു ഞാൻ.

മുറിപ്പാട്

നിന്റെ വിങ്ങലുകളും, പിൻവിളിയും  അതേ നിലവിളികളും കേൾക്കുമ്പോഴായിരുന്നു...  യാത്രാമൊഴിയുടെ മുറിപ്പാടും  നിന്റെ സ്നേഹത്തിന്റെ തിരുശേഷിപ്പുകളും പേറി  ഞാൻ ആൾകൂട്ടത്തിന്റെ വലിയ ബഹളങ്ങൾക്ക് ഇടയ്ക്കുനിന്നും ഓടിമാഞ്ഞത്