Skip to main content

Posts

Showing posts from 2019

കവർച്ച

 

ഉറുമ്പുകൾ

ദുർഗന്ധം സഹിക്കാതായപ്പോഴാണ് അയൽക്കാർ മതിലുകൾ കടന്ന്, ഇരുനില മണിമാളികയിലേക്ക് കടന്ന് ചെന്നത്. ഒരു വൃദ്ധൻ... അയാൾ ഉറുമ്പരിച്ച് മരിച്ചിരിക്കുന്നു.. ഹോ ദുസ്സഹം, ഈ ദുർഗന്ധം... വൃദ്ധന്റെ പേരറിയില്ല... അയാൾ അയൽക്കാരുടെ ഫേസ്ബുക് കൂട്ടായ്മയിലോ, വാട്സാപ്പ് ഗ്രൂപ്പിലോ അംഗവുമല്ല.... അയാളുടെ മതവിശ്വാസം  തങ്ങളോടൊപ്പമാണെന്ന് പറഞ്ഞ് മതഭ്രാന്തന്മാർ തമ്മിൽ യുദ്ധം തുടങ്ങി... രാഷ്ട്രീയം തങ്ങളോടൊപ്പമെന്ന് പറഞ്ഞ് രാഷ്ട്രീയഭ്രാന്തന്മാരും... അവസാനത്തെ സെൽഫിക്ക് വേണ്ടി പലരും എത്തിച്ചേരാതിരുന്നില്ല. ബ്രേക്കിംഗ് ന്യൂസിനുവേണ്ടി ചാനലുകൾ കാമറകണ്ണുകൾ തുറന്നുകൊണ്ട് വന്നു. എല്ലാത്തിനുമൊടുവിൽ പ്രശ്നങ്ങൾ അവസാനിച്ചത്, വിദേശത്തുനിന്നും വീഡിയോകോളില്‍ മകൻ മൃതശരീരം തിരിച്ചറിഞ്ഞപ്പോഴാണ്.... എല്ലാം കണ്ടുകൊണ്ട്‌ ഉറുമ്പുകൾ അട്ടഹസിക്കുന്നുണ്ടായിരുന്നു ....

ഒരു മൃദുസ്പർശം..

ഒരു മൃദുസ്പർശം.. എന്റെ ആത്മാവിന്റെ ഏകാന്തമായ മുറിവിൽ. കടന്നുപോയ കാലത്തിൽ, വെറുത്തുപേക്ഷിച്ച ഓർമ്മകളിൽ, മഞ്ഞുമൂടികിടക്കുന്ന എന്റെ സ്വപ്നങ്ങളുടെ അരങ്ങുവേദിയിൽ, മറക്കണമെന്നോർത്തിട്ടും എന്നെ കുത്തിനോവിക്കുന്ന ഈ ജീവിതത്തിലേതന്നെ കഴിഞ്ഞ ജന്മത്തിൽ, ഒരു നിഷ്കളങ്കമായ പുഞ്ചിരിയുടെയും വാചാലനേത്രങ്ങളാലുള്ള നോട്ടത്തിന്റെയും, മൃദുലമായ സ്പർശനത്തിന്റെയും ഒരു വെളിച്ചം പടരുന്നു

ഇന്ന്

നിന്നെ മാത്രം ഓർക്കുന്ന രാവുകളിലെ ദുസ്വപ്നങ്ങൾ എന്നെ വേട്ടയാടുമ്പോൾ, മൂർച്ചയേറിയ ഓരോ നോട്ടങ്ങൾകൊണ്ടും  ഞാൻ മുറിയുകയായിരുന്നു.. അരികിലിനി ഒരുനാളുമുണ്ടാകയില്ല നീ, അറിയുമ്പോഴിന്നെന്റെ ചുറ്റും പടർന്നൊരീ, ഏകാന്തതയെ പ്രണയിച്ചുതുടങ്ങി ഞാൻ.

ഒരിക്കൽക്കൂടി

സ്വപ്നങ്ങളുടെ ശവകുടീരത്തിൽ കരഞ്ഞുതീർത്ത ഇന്നലെകളെക്കൂടി അടക്കം ചെയ്തു. മടക്കയാത്രകളില്ലെന്നറിയാമെങ്കിൽക്കൂടി, വിടവാങ്ങലിന്റെ  വിറയ്ക്കുന്ന കൈകൾ എനിക്കുനേരെ നീട്ടുവാനെങ്കിലും, ഒരിക്കൽക്കൂടി നീ എത്തിയിരുന്നെങ്കിൽ.... 

വെറോനിക്ക

ഒരു വെളുത്ത, സുഗന്ധം പരത്തുന്ന പനിനീർപ്പൂപോലെയാണവൾ. കാഴ്ചയുള്ളവരുടെയൊക്കെയും നോട്ടങ്ങൾ, വലിച്ചടുപ്പിക്കുന്ന  ലാവണ്യമുള്ളവൾ. വജ്രത്തിളക്കമുള്ളക്ഷികളുള്ളവൾ* ചന്ദ്രബിംബത്തിന്റെ ചേലുള്ളവൾ. എത്രനാളായിതൻ ഹൃദയാന്തരത്തിലൊരു മുഖമവൾ പൂജിച്ചു വെച്ചിരുന്നു. ആരാണവൻ, സർവ്വനഗരവും പാടുന്നു, വരുവാനിരുന്നവൻ തന്നെയാവാം. ആരായിരുന്നാലും ആ വചനങ്ങൾക്ക്, ജീവിതം തന്നെയവൾക്കപ്പണം. മലമുകളിലും, ജനമദ്ധ്യത്തിലും അവൻ, പറയുന്നതൊക്കെയും കേൾക്കുവാനായ്, ഭക്തികൊണ്ടുള്ളിലണയാത്ത തീനാളവും പേറിയവളോടിയെത്തീടുമെന്നും. അവന്റെ പാദങ്ങളിൽ, ലേപനം ചാർത്തി- ത്തുടയ്ക്കുവാനായ് നെയ്ത തൂവാലയും, കൈയിൽ പിടിച്ചുകൊണ്ടുള്ളിൽ കരഞ്ഞവൾ, ജറുസലേം വീഥികളിലൂടെ നീങ്ങി. കല്ലെറിയാനും, വലിച്ചുവീഴ്ത്താനുമായ് കൂടിയ ദുഷ്ടജനങ്ങൾക്കിടയിൽ, ആകെ വിറയ്‌ക്കേണ്ടതാണവൾ എങ്കിലും, വജ്രം കണക്കെയാണെന്നുമവൾ. ചാട്ടവാറും വാളുമേന്തിനിന്നാലുമാ പടയാളികൾക്കിടയിലൂടെയവൾ, ലോകരെന്നെ കുറ്റവാളിയെന്നോതും, പാപിയെന്നെന്നെ വിളിക്കുമെന്നാലും, തൻ പ്രിയ നാഥന്റെ പക്കലേക്കെത്തിയാ നയനങ്ങളിൽത്തന്നെ നോക്കിനിന്നു. തൂവാലകൊണ്ടാമുഖത്തൊമ്മർത്തി യെന്നാലും അവൻ മ

ഒരു ശിഷ്യൻ

 അവൻ അതിവേഗം ഓടുകയാണ്. കൈയിൽ നിറയെ രക്തം. അവൻ ഓടുന്ന വഴിയെല്ലാം  രക്തത്തുള്ളികൾ വീണുകൊണ്ടിരുന്നു. കിതച്ചുകൊണ്ടോടി തന്റെ സവിധത്തിലെത്തിലെത്തിയപ്പോഴേക്കും അവൻ തളർന്നുവീഴാറായിരുന്നു. പിതാവ് ഹിരണ്യധനുസ്സ് അവന്റെ പക്കലേക്ക് ഓടിയടുത്തു....   "പുത്രാ.... എന്താണ്... എന്ത്‌ സംഭവിച്ചു? " അവന്റെ രക്തമൊഴുകുന്ന കൈ പിടിച്ചു വെപ്രാളത്തോടെ അദ്ദേഹം അവനെ കോരിയെടുത്തു.  "പുത്രാ... നിന്റെ പെരുവിരലെവിടെ? എന്താണുണ്ടായത്...? " സേവകർ വൈദ്യരെ കൊണ്ടുവരാൻ പാഞ്ഞു.  ഏകലവ്യൻ ചെറിയൊരു പുഞ്ചിരിയോടെ വേദന മറച്ചുവെച്ചുകൊണ്ട് പറഞ്ഞു  "പിതാവേ..... എന്റെ പെരുവിരൽ... എന്റെ ഗുരുദക്ഷിണയായിരുന്നു.... അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് അത് മാത്രമായിരുന്നു... " "നീ വനാന്തരത്തിൽ കളിമണ്ണുകൊണ്ട് നിർമ്മിച്ച ആ ശിലയോ പുത്രാ നിന്നോട് ദക്ഷിണ ചോദിച്ചത്?. എല്ലാം അറിഞ്ഞിട്ടും, നിന്നെ നാം എതിർക്കാഞ്ഞത് നിന്റെ സന്തോഷത്തിനുവേണ്ടിയായിരുന്നില്ലേ... നീ എന്താണ് ഈ കാട്ടിയത്? " ഹിരണ്യധനുസ്സിന്റെ കണ്ണുകളിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകി. വേഗംതന്നെ അത് ക്രോധത്തിന്റെ അഗ്നിയിൽ ജ്വലിക്കു

ലങ്കാധിപൻ.....

കൊടുങ്കാറ്റ് പോലെയാണ് അഗ്നി പടർന്നുകൊണ്ടിരുന്നത്. ലങ്ക എരിയുകയാണ്. അസുരജനതയുടെ നിലവിളികൾക്കിടയിൽ. ജനങ്ങളെ സംരക്ഷിക്കാൻ നിർദ്ദേശംകൊടുത്ത് സൈന്യത്തെ അയച്ച ശേഷം ദശകണ്ഠൻ തന്റെ സിംഹാസനത്തിൽ ആലോചനാനിമഗ്നനായി ഇരുന്നു.. ആ വാനരൻ.... നമ്മോടുള്ള ശത്രുതയ്ക്ക്, ഈ സാധുജനം എന്ത് പിഴച്ചു... വിഭീഷണന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ രാവണൻ, മുഖമുയർത്തി പിന്നോട്ടമർന്നിരുന്നു..  "എന്താണ് വിഭീഷണാ... " "അങ്ങെന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടോ? എത്രയോ വട്ടം ഞാൻ പറഞ്ഞു... അവൾ മറ്റൊരാളുടെ പത്നിയാണ്.. ".... "വിഭീഷണാ..... " രാവണൻ ചാടിയെഴുന്നേറ്റു...  വിഭീഷണൻ പിന്നോട്ട്മാറി. "സമസ്തലോകത്തിലെയും..  അപ്സരസ്ത്രീയോ, മനുഷ്യസ്‌ത്രീയോ ആവട്ടെ... രാവണന്റെ യശസ്സിനും കരുത്തിനും  അനുസരിച്ച് അളന്നുനോക്കിയിട്ടേയുള്ളൂ ഇതുവരെ. എന്നാൽ ജാനകി... ജന്മാന്തരങ്ങൾക്കൊണ്ടുള്ള അടുപ്പമാണ് എനിക്കവളോട്...  എന്റെ സഹോദരിയോട്‌ അതിക്രമം കാട്ടിയത്പോലെ,അവന്റെ ഭാര്യയോട് എനിക്ക് കാട്ടാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാൻ പോയതാണ് നാം... എന്നാൽ.. രാവണൻ ഇതുവരെ നേടിയിട്ടുള്ളതിനെയെല്ലാം,അവളുടെ ലാവണ്യം നിഷ്പ്രഭമാക്ക

ബന്ധനം

ഇന്നെന്റെ പകലിന്റെ ഇടനെഞ്ചിലേറ്റ മുറിവതിനുള്ളിലെ നിറം ചോർത്തിക്കളഞ്ഞുകൊണ്ട - വസാനമില്ലാത്ത രാവാക്കിമാറ്റി. ഇനിയാ ഇരുട്ടിന്റെ കൽത്തുറുങ്കും തകർത്തെന്നൊരു സൂര്യൻ പുനർജ്ജനിക്കാം?. അഗാധമൗനത്തിന്റെ ബന്ധനങ്ങൾക്കുമേൽ ഇനിയെന്നെനിക്ക് പറന്നുപോകാം.

ഒളിച്ചുവെച്ചത്

ഇന്നെന്റെ ചിരികൾക്കുമപ്പുറത്തൊരു കോണിൽ ഒരു നൊമ്പരം ഞാൻ ഒളിച്ചുവെച്ചു. ഇനിയെന്റെമാറോടു ചേർന്ന്നിൻ നിശ്വാസ മൊരുനാളുമുണ്ടാകയില്ലതോർത്തു .. ഈ പെയ്യുന്ന മഞ്ഞിന്റെ മരവിപ്പകറ്റുവാൻ നീയില്ലയെന്നുള്ളതറിയുമ്പോഴേ... ഇനിയെത്ര രാവുകൾ നീയരികിലില്ലാതെ ഏകമായ്, നോവുന്ന മുറിവുമായി ഞാനും.... കാത്തിരുന്നാലും ഈ വഴികളിൽ സ്വപ്നമേ നിന്റെ കാലൊച്ച കേൾക്കില്ലയെന്നാം... കണ്ണടച്ചാൽ നിന്റെ ഓരോ സ്മിതങ്ങളും ഒരുനാളും മാഞ്ഞുപോകില്ലയെന്നാം .. ⏯ CLICK TO PLAY

എന്തിനാവാം

ഇനിയും മുറിവുണങ്ങാത്ത പൂവേ.. എന്റെ കൈക്കുള്ളിൽ മെല്ലെ ഞെരുങ്ങുമ്പോഴും ..... മടിത്തട്ടിൽ ഇപ്പോഴും എനിക്കുവേണ്ടി ഒരു ഹിമകണം നീ കാത്തുവെച്ചതെന്തിനാണ്...

കടന്നുപോയത്

എത്ര വേഗം കടന്നുപോയ് കാലമേ.... എത്ര വേഗം നീ മറഞ്ഞുപോയി. കണ്ണ് ഞാൻ മെല്ലെത്തുറന്നപ്പോഴേക്കും ഇന്നലെകളായ് നീ   അകന്നുപോയി... ഒരുപാട് ഓർമ്മകളെ അടക്കം ചെയ്ത ചിത്രം. ഓരോ വട്ടം നോക്കുമ്പോഴും, ഒരായിരം സ്‌മൃതികളെ ഉണർത്തുന്നുണ്ട്  ഉള്ളിൽ. നോക്കുമ്പോൾ, പലരുടെയും മാറ്റം അത്ഭുതപ്പെടുത്തുന്നു... എന്നാൽ ചിലർക്ക് മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് പറയുന്നതാവും ശരി. അല്പം ഉയരം വെച്ചെന്നതൊഴിച്ചാൽ, അവർ പഴയതുപോലെ തന്നെ ഉണ്ട്. ചിലർ പഠിക്കുന്നു, കൂടുതൽ പേരും ജോലിക്കാർ.... പെൺകുട്ടികൾ  പലരുടെയും കല്യാണം കഴിഞ്ഞിരിക്കുന്നു. ... ജീവിതത്തിന്റെ നല്ലൊരു ഭാഗം എത്രയോ വേഗം കഴിഞ്ഞിരിക്കുന്നു. എത്രത്തോളം ഞാൻ മാറിയിട്ടുണ്ടാവാം.. ആരുടെയും മുഖത്തു നോക്കാതിരുന്ന, ആരോടും ശബ്ദം ഉയർത്തി സംസാരിക്കാതിരുന്ന, ഒന്നിനുനേരെയും വിരൽ ചൂണ്ടാതിരുന്ന  എന്നെ കാലം എങ്ങനെ മാറ്റിയിട്ടുണ്ടാവാം , എന്നെല്ലാം പരതിനോക്കുമ്പോൾ , ആ ചിത്രത്തിലെ ഏറ്റവും പിന്നിലെ വരിയ്ക്കും പിറകിൽനിന്ന് , ഞാൻ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു...... ആ എന്നെ എനിക്ക് നഷ്ടമായിരിക്കുന്നു...

ഈ രാത്രിയോടുള്ള ചോദ്യങ്ങൾ

നിന്നെ ഞാൻ വെറുക്കുന്നു.... എന്റെ ഓർമ്മകളുടെ ഭിത്തിയിൽ പറ്റിപ്പടരുന്ന നിന്റെ ഇരുട്ടിനെ ഞാൻ വലിച്ചെറിയാൻ ശ്രമിക്കുംതോറും, എന്തിനാണെന്നെ മുറുക്കിക്കുരുക്കി ശ്വാസം മുട്ടിക്കുന്നത്. ? മുന്നിലുണ്ടായിരുന്ന വഴികൾ എനിക്കുമുന്നിൽ കൊട്ടിയടച്ച് എന്തിനാണ് നീ അട്ടഹസിക്കുന്നത് ? എന്റെ വെളിച്ചത്തിനെ വിലങ്ങുവെച്ചതെന്തിനാണ് ? എന്റെ നിദ്രയെ ചങ്ങലയ്ക്കിട്ടതെന്തിനാണ് ? എന്റെ ചോദ്യങ്ങൾക്കുത്തരം നൽകാതെ, ഇനിയും എന്റെ പുലരിയെ സ്വതന്ത്രനാക്കാതെ, എനിക്കുചുറ്റും നീ പടരുന്നതെന്തിനാണ് ? 

അരിസ്റ്റോട്ടിൽ

ആയുധംകൊണ്ട് രാജ്യങ്ങളെ കീഴടക്കിയ അലക്‌സാണ്ടറിനു വാക്കുകൾക്കൊണ്ട് സർവ്വലോകവും കീഴടക്കിയ ആചാര്യനുണ്ടായിരുന്നു...

അനന്തത

കാലത്തിനു പിന്നിലേക്കും അനന്തത .... മുന്നിലേക്കും അനന്തത ... ഈ നിമിഷകമാകട്ടെ, അതിനെക്കുറിച്ചുള്ള ചിന്ത നമ്മുടെ ഹൃദയത്തിലുണരും മുന്നേ ... ആ അനന്തതയിലെവിടേയ്ക്കോ മറഞ്ഞു കഴിഞ്ഞിരിക്കുന്നു...

തിരയുമ്പോൾ കണ്ടെത്തുന്നത്

തന്നിലേക്ക് തന്നെ താനായിരിക്കേണ്ടത് എന്താണെന്ന്  തിരയുന്നവൻ ഈശ്വരനെയും. തന്നിലേക്ക് തന്നെ താനെന്താവാൻ പാടില്ലെന്ന് തിരയുന്നവൻ ചെകുത്താനെയും കണ്ടെത്തുന്നു...

നോട്ടിഫിക്കേഷൻ

നിർത്താതെയുള്ള നോട്ടിഫിക്കേഷൻ ട്യൂൺ,.... അതില്ലാത്ത നിമിഷങ്ങളുണ്ടായിരുന്നില്ല... വാട്ട്സാപ്പിൽ കുമിഞ്ഞുകൂടുന്ന മെസ്സേജുകൾ, മണിക്കൂറുകൾ നീണ്ട വ്യർത്ഥഭാഷണങ്ങൾ, ജീവിതത്തെ നിയന്ത്രിക്കുന്ന കീബോർഡ്.... നാലുചുമരുകൾക്കുള്ളിൽ ഭൂഗോളത്തെ മുഴുവൻ ആഗോളവൽക്കരിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ കണ്ണുമങ്ങി, ജരാനരകളുണ്ടായി, അവൻ വൃദ്ധനായി... ഒടുവിലവന്റെ ലോകം ആറടിമണ്ണിലേക്ക് ഒന്നുകൂടി ചുരുങ്ങിയതറിയിക്കാൻ , പലരുടെയും ചുമരുകൾക്കുള്ളിൽ നോട്ടിഫിക്കേഷൻ ട്യൂൺ മുഴങ്ങിയിരുന്നു....

പ്രിയേ..

ഏകാന്തതയെ കുടിക്കുന്ന യാമങ്ങളിലെല്ലാം ഞാൻ ഉന്മത്തനായിരുന്നു. നിന്റെ കാൽപ്പാടുകൾ ഒളിഞ്ഞു കിടക്കുന്ന മഴക്കാടുകളിൽ, ഞാൻ വീണ്ടും നിനക്കായ് തിരയുന്നു. പ്രിയേ.. എന്റെ തൂലിക, നിന്റെ ഇനിയും വറ്റാത്ത മിഴിനീരിൽ കുതിർത്ത് ഞാൻ ഒരിക്കൽകൂടി എഴുതാൻ തുടങ്ങുന്നു. അജ്ഞമായ ദിക്കുകൾക്കപ്പുറത്തെ ആകാശത്തിന്റെ മൗനത്തെക്കുറിച്ചും, ഇരുട്ടിൽ, ആരും കേൾക്കാത്ത നക്ഷത്രങ്ങളുടെ.....ആത്മാക്കളുടെ... നഷ്ടസ്വപ്നങ്ങളെക്കുറിച്ചും, എനിക്ക് നീ പറഞ്ഞു തന്നാലും...

വിലാപം

ചിതൽ പാതിയും തിന്നൊടുക്കിയ ആ ഡയറിത്താളുകളിൽ, ഇന്നലെകളുടെ ഗന്ധമുണ്ടായിരുന്നു. പിന്തുടരാനാവാത്ത നിന്റെ വിസ്മൃതിയുടെ കാൽപ്പാടുകൾ, തിരികെ തരാതെ പോയ കാലത്തിന്റെ തിരകളോടുള്ള എന്റെ, ഇന്നും മുഴങ്ങുന്ന വിലാപമുണ്ടായിരുന്നു....

ഗാനം

ചിലപ്പോഴൊക്കെ ഏകാന്തതയിലും ശൂന്യതയിലും, ആ കുടീരത്തിൽനിന്ന് ഒരു ഗാനം ഉയർന്നു കേൾക്കാമായിരുന്നു. നിഴലും നിലാവുംഅവളും മാത്രം കേൾക്കുവാൻവേണ്ടി.

നാളെ

സ്തന്യം കുടിച്ചു മതിവരാഞ്ഞാവാം, അമ്മതൻ മാറും പിളർന്ന് അടിത്തട്ടിലെ ഉറവകൾ കണ്ടെത്തിയത്.... പൊക്കിൾക്കൊടി തന്നതൊന്നും പോരാഞ്ഞിട്ടാവാം അവൻ, ആ ഗർഭപാത്രം തന്നെ തുരന്ന് ഖനികളെ കണ്ടെത്തിയത്... നാളെ ????

ചില പുഞ്ചിരികൾ

ചില പുഞ്ചിരികൾ ലഹരി പോലെയാണ്. ആദ്യമൊരു കൗതുകം. പിന്നെ ഉന്മാദം. പതിയെ നമ്മെ അടിമയാക്കും. വിരഹമെന്ന മൃത്യുവിലേക്ക് നടത്തും. അപ്പോഴും അതെ പുഞ്ചിരിയുടെ ഉന്മാദത്തിലായിരിക്കും നാം.

ഇനിയും

നക്ഷത്രങ്ങളുടെ കൊടുംകാട്ടിൽ എന്റെ ആത്മാവിനു വഴിതെറ്റിപ്പോയി. ആ ഇരുട്ടിലെവിടെയോ എന്റെ നിഴലിനെ എനിക്ക് നഷ്ടമായി. പെയ്തുതോർന്ന നിലാവിന്റെ ചെളിക്കുണ്ടിലൊക്കെ ചവുട്ടി നടന്ന മുന്നോട്ട് നീങ്ങി. ഇനിയും അകലങ്ങൾ. ഇനിയും വിരഹങ്ങൾ.

ഹേമന്തം

നീ പകർന്നയനുരാഗവും പെയ്തൊഴിഞ്ഞ മൃദുവർഷവും... കാത്തിരിക്കുമീ സന്ധ്യയിൽ ചെന്നിറം വീണ വാനവും... കാവ്യസങ്കല്പമേ... കവിതാത്മസംഗീതമേ... എൻ ഹൃദയവാതിൽക്കലന്നൊരുനാൾ കുറിമാനമെഴുതിയോളേ... വീണ്ടുമണയുന്ന നാൾവരെ, ഓർമ്മകൾ ചേർത്ത താൾ വരെ, നിന്നെ മാത്രമായണിയുവാൻ, ഹേമന്തമായി ഞാൻ മാറിടാം....

മറവി

ഓർമ്മകളിലേക്കുള്ള രഹസ്യവാതിൽ  ഓരോ രാത്രികളിലും തുറക്കപ്പെട്ടു..   അന്നത്തെ രാത്രി വ്യത്യസ്തമായിരുന്നു...  അകത്തു കടന്നപ്പോൾ വാതിൽ അപ്രത്യക്ഷമായി... മുന്നോട്ട് പോകുംതോറും  വഴികൾ  മറവിയുടേതായി...  നിനച്ചതും പറഞ്ഞതും കണ്ടതും കേട്ടതും  സ്വന്തമാണെന്നുള്ളിലെന്നും കുറിച്ചതും.  എല്ലാം മറവിയിൽ വീണുപോയി, പിന്നെയും  ഏതോ വാതിലും തേടി  ഇരുട്ടിനെപ്പോലും മറന്നുനടന്നു ഞാൻ.

മുറിപ്പാട്

നിന്റെ വിങ്ങലുകളും, പിൻവിളിയും  അതേ നിലവിളികളും കേൾക്കുമ്പോഴായിരുന്നു...  യാത്രാമൊഴിയുടെ മുറിപ്പാടും  നിന്റെ സ്നേഹത്തിന്റെ തിരുശേഷിപ്പുകളും പേറി  ഞാൻ ആൾകൂട്ടത്തിന്റെ വലിയ ബഹളങ്ങൾക്ക് ഇടയ്ക്കുനിന്നും ഓടിമാഞ്ഞത്

ഏകം

"നിലാവ് പെയ്യുമ്പോൾ" എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചത് 

കവിത

ആത്മാവിന്റെ ശിഖരങ്ങളിൽനിന്നും എയ്തിടുന്ന വാക്കുകൾക്കും, ഓർമ്മകളെയും സ്വപ്നങ്ങളെയും കോർത്തിണക്കാൻ  ചാലിച്ച നിറങ്ങൾക്കും ഇടയിൽ എവിടെയോ ഒരു കവിത ജനിച്ചു.

കലമാന്റെ കണ്ണുകൾ

പറയാതെ വന്നുപോയ ഓരോ വർഷകാലത്തോടും പരിഭവം പറഞ്ഞിരുന്നവൾ. അവൾക്ക് കലമാന്റെ കണ്ണുകളായിരുന്നു... എന്നാൽ അന്ന് ഞാൻ അന്ധനായിരുന്നു... അവളുടെ പുഞ്ചിരിയിൽ വസന്തം വിരിഞ്ഞിരുന്നു... എന്നാൽ എന്റെ കണ്ണുകൾ മൂടപ്പെട്ടിരുന്നു... അവളുടെ പ്രണയത്തിന്റെ കൈകൾ ഒരു ശൈത്യമായ് എന്നെ പൊതിഞ്ഞിരുന്നു..   പക്ഷെ ഞാൻ അന്ധനായിരുന്നുവല്ലോ... ഓർമ്മകളുടെ കരിങ്കല്ലുകൊണ്ട് ഹൃദയത്തിനുമേൽ എന്റെ കാഴ്ചയ്ക്ക് ഒരു ശവകുടീരം പണിഞ്ഞിരുന്നു. വെളിച്ചം സ്പർശിക്കാത്ത കാടുകളിലെവിടെയോ ആ കാഴ്ചയുടെ ആത്മാവിന് വഴിതെറ്റിയിരുന്നു... നിർത്താതെ ഉച്ചത്തിൽ ചീവീടുകൾ അതിനെ  പരിഹസിച്ചിരുന്നു... ഒരു ചുംബനംകൊണ്ട് തകർന്ന ശവകുടീരത്തിൽ നിന്നും, ആഞ്ഞുശ്വാസമെടുത്ത് പുറത്തെത്തിയപ്പോൾ മുന്നിൽ അതാ രണ്ട് കലമാന്റെ കണ്ണുകൾ....

പുകഞ്ഞ് പുകഞ്ഞ്

നിലാവ് പെയ്യുമ്പോൾ എന്ന പുസ്തകത്തിൽ  പ്രസിദ്ധീകരിച്ചത്.  വിരലുകൾക്കിടയിൽ വെച്ചു മരണം ശ്വസിക്കുമ്പോൾ ചുണ്ടുകൾക്കിടയിലൂടെ ജീവൻ പുകഞ്ഞൂതാറുണ്ട്... മൃത്യുവിന്റെ ചുരുളുകൾ കഴുകനെപ്പോലെ അവനുചുറ്റും വട്ടമിട്ട് പറക്കാറുണ്ട്. നെഞ്ചുപൊത്തിച്ചുമയ്ക്കാറുണ്ടവൻ നിദ്രയില്ലാതെ വിഷണ്ണനാവാറുണ്ട്. ചുംബിക്കുവാനായാടുക്കുന്ന നേരത്ത് പിഞ്ചോമനയവനെ തള്ളിമാറ്റാറുണ്ട്. രുചികൾ സ്മരിക്കാത്ത നാവുണ്ടവന് ഗന്ധങ്ങളറിയാത്ത നാസികയുമുണ്ട്. ഉള്ളിലേക്കാവാഹിക്കുന്ന മൃത്യുവിൻ ചൂടിന്റെ ലഹരിയിൽ പുഞ്ചിരിക്കാറുണ്ട്. ജീവൻ പുകഞ്ഞു മറയുന്ന കണ്ടിട്ടും വീണ്ടും അവൻ മരണത്തിന്റെ അഗ്രത്തുതന്നെ ചുംബിക്കാറുണ്ട്.

വികസനം

പണ്ട് കൃഷിയിടങ്ങളായിരുന്നിടത്തൊക്കെ  സിന്തറ്റിക് ഫുഡ് ഫാക്ടറി പണിതുയർത്തിയിടത്  എത്തിനിൽക്കുന്നു നമ്മുടെ വികസനം ...

വേണ്ടെന്ന് വെച്ച മോഹങ്ങൾ.

സ്വപ്നത്തിന്‍റെ ഗര്‍ഭാശയഭിത്തികളിൽ പറ്റിപ്പിടിച്ചു വളർന്ന വലിയൊരു മോഹത്തിന്റെ വേരുകൾ, ഒരു കണ്ണിലെ ആകാശം പെയ്തുതോർന്ന നേരത്തിനിപ്പുറം അടർന്നുവീണ് ഇല്ലാതെയായി. വീണ്ടുമൊരു സ്വപ്നത്തിന്റെ ഭ്രൂണഹത്യ.